പാലക്കാട്: കോങ്ങാട് എംഎൽഎ കെ.വി വിജയദാസിന് നാടിന്‍റെ യാത്രാമൊഴി. പൂർണ ഔദ്യോഗിക ബഹുമതികളോടെ ചന്ദ്ര നഗർ വൈദ്യുത ശ്‌മശാനത്തിൽ സംസ്‌കാരം നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിലെത്തി കെ.വി വിജയദാസിന് അന്തിമോപചാരം അർപ്പിച്ചു. കക്ഷി രാഷ്‌ട്രീയ പരിഗണനകൾക്ക് അതീതമായ ജനകീയ അംഗീകാരം കെ.വി വിജയദാസിന് ഉണ്ടായിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മന്ത്രി ഇ.പി ജയരാജനും അന്തിമോപചാരം അർപ്പിച്ചു. ലാളിത്യം മുഖമുദ്രയാക്കിയ നേതാവായിരുന്നു കെ.വി വിജയദാസെന്ന് സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ അനുസ്‌മരിച്ചു. കർഷകരുടെ മനസ് കണ്ടറിഞ്ഞ ജനപ്രതിനിധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്‌മരിച്ചു. വിവിധ പാർട്ടികളുടെ നിയമസഭാ കക്ഷി നേതാക്കളും കെ.വി വിജയദാസിനെ അനുസ്‌മരിച്ചു. കെ.വി വിജയദാസിന് ആദരാഞ്ജലികൾ അർപ്പിച്ചാണ് ഇന്ന് നിയമസഭ പിരിഞ്ഞത്.
വിട വാങ്ങിയത് സിപിഎമ്മിലെ ജനകീയ മുഖം
കോങ്ങാടിന്‍റെ അമരക്കാരനായിരുന്നു കെ.വി വിജയദാസ് എംഎൽഎ. സിപിഎമ്മിലെ ജനകീയ മുഖം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ജനപ്രതിനിധി. ഡിവൈഎഫ്ഐയുടെ ആദ്യരൂപമായ കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷനിലൂടെയാണ് വിജയദാസ് പൊതുപ്രവർത്തനം തുടങ്ങിയത്. 1987ൽ എലപ്പുള്ളി പഞ്ചായത്ത് അംഗമായി. സിപിഎം ലോക്കൽ സെക്രട്ടറി, ഏരിയ സെക്രട്ടറി, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്‌ടർ, പ്രൈമറി കോ-ഓപ്പറേറ്റീവ് ജില്ലാ പ്രസിഡന്‍റ്, എലപ്പുള്ളി സഹകരണബാങ്ക് പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ച വിജയദാസ് പാലക്കാട് ജില്ലാ പഞ്ചായത്തിന്‍റെ ആദ്യ പ്രസിഡന്‍റായിരുന്നു.
2011ലും 2016ലും കോങ്ങാട് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന് തന്നെ മാത്യകയായ മീൻവല്ലം ജലവൈദ്യുത പദ്ധതി വിജയദാസ് പ്രസിഡന്‍റായിരിക്കെയാണ് ജില്ലാ പഞ്ചായത്തിന്‍റെ നേത്യത്വത്തിൽ നടപ്പിലാക്കിയത്. ഇപ്പോഴത്തെ നിയമസഭയിലെ ഏഴാമത്തെ മരണമാണ് കെ.വി വിജയദാസിന്‍റേത്. കെ.എം മാണി (പാല), സി.എഫ് തോമസ് (ചങ്ങനാശ്ശേരി), തോമസ് ചാണ്ടി (കുട്ടനാട്), പി.ബി അബ്‌ദുൾ റസാഖ് (മഞ്ചേശ്വരം), കെ.കെ രാമചന്ദ്രൻ നായർ (ചെങ്ങന്നൂർ), എൻ. വിജയൻപിള്ള (ചവറ) എന്നിവരാണ് ഇപ്പോഴത്തെ നിയമസഭയിൽ അന്തരിച്ചവർ.