പാലക്കാട് : എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് വളര്‍ത്തിയെടുത്ത അഭിനയ മികവിന് മരുതന് അംഗീകാരം. നെറ്റ്‌വർക്ക് ഓഫ് ആർട്ടിസ്റ്റിക് തിയേറ്റർ ആക്ടിവിറ്റീസ് കേരള (നാടക്) പാലക്കാട് ജില്ലാ കമ്മിറ്റിയുടെ സ്പെഷ്യൽ ജൂറി പരാമർശം നേടിയിരിക്കുകയാണ് ഏകാംഗനാടകത്തിലൂടെ മരുതന്‍.
നാടക് കൂട്ടായ്മ സംഘടിപ്പിച്ച ഓണ്‍ലൈന്‍ മത്സരത്തിലാണ് മരുതന് അംഗീകാരം ലഭിച്ചത്. ജി. ശങ്കരപ്പിള്ളയുടെ 'ആസ്ഥാന വിഡ്ഢികൾ' എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ച നാടകമാണ് മരുതന്‍ ഓണ്‍ലൈന്‍ മത്സരത്തിനായി തെരഞ്ഞെടുത്തത്
അട്ടപ്പാടി ആനക്കട്ടി സ്വദേശി കുപ്പുസ്വാമിയായിരുന്നു നാടകത്തിന്‍റെ സംവിധാനം നിർവഹിച്ചത്. സ്‌കൂള്‍ ഓഫ് ഡ്രാമയിൽ പഠനം പൂർത്തിയാക്കിയ ആദ്യത്തെ അട്ടപ്പാടിക്കാരൻ കൂടിയാണ് കുപ്പുസ്വാമി.
2017ൽ കിർത്താര്‍ഡ്‌സ് കോഴിക്കോട് സംഘടിപ്പിച്ച നാടക വേദിയിൽ 'നമ്മുക്ക് നാമെ' എന്ന നാടകത്തിൽ വേഷമിട്ടാണ് മരുതൻ അഭിനയജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് നീണ്ട അഞ്ച് വർഷങ്ങൾക്കിടയിൽ നിരവധി നാടകങ്ങളിലും ഹ്രസ്വ ചിത്രങ്ങളിലും മരുതൻ അഭിനയിച്ചു. അയ്യപ്പനും കോശിയും, സ്റ്റേഷൻ ഫൈവ്, ധബാരി ക്യുരുവി തുടങ്ങിയ സിനിമകളിലും മരുതൻ അഭിനയിച്ചിട്ടുണ്ട്.
ALSO READ: 'ഗതികേടാണോ തമാശയാണോ എന്നറിയില്ല.' മരണ വാര്‍ത്തയില്‍ പ്രതികരിച്ച് മാലാ പാര്‍വതി
അട്ടപ്പാടിയിലെ ഏരീസ് പോളിടെക്‌നിക് കോളജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ പഠനം പൂർത്തിയാക്കിയ മരുതൻ ഗോത്ര കലകളെ പരിപോഷിപ്പിക്കുന്ന അട്ടപ്പാടിയിലെ കലാസമിതിയോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണിപ്പോൾ. 'നമുക്ക് നാമെ' കലാസമിതി എന്ന് പേരിട്ടിരിക്കുന്ന ഈ കൂട്ടായ്മയുടെ പ്രധാന കലാകാരൻ കൂടിയാണ് മരുതൻ.
ഷോളയൂർ പഞ്ചായത്തിലെ വട്ടലക്കി ലക്ഷം വീട് കോളനിയിലെ പരേതനായ വെള്ളിങ്കിരിയുടേയും ലക്ഷ്മിയുടേയും ഇളയ മകനാണ് മരുതൻ. സഹോദരൻ രതീഷിന് സിനിമാ സംവിധാനത്തിലാണ് താല്‍പ്പര്യം. രതീഷ് നിരവധി ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് . ഗോത്ര ഭാഷയിലുള്ള ഹ്രസ്വ ചിത്രത്തിന്‍റെ പണിപ്പുരയിലാണ് രതീഷ് ഇപ്പോള്‍.