പാലക്കാട് : ആഡംബര കാറിൽ കടത്തിയ 65 കിലോ കഞ്ചാവുമായി വാളയാർ അതിർത്തിയിൽ രണ്ട് പേർ പിടിയിൽ. പെരിന്തൽമണ്ണ, കൊളത്തൂർ സ്വദേശി അബ്ദുൾ കരീം(49), വയനാട് കൽപ്പറ്റ മുണ്ടേരി സ്വദേശി മുഹമ്മദ് ഫാസിൽ (36) എന്നിവരെയാണ് വാളയാർ പൊലീസും ഡാൻസാഫ് സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
ആന്ധ്രയിലെ അരക്കുവാലിയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. ബിഎംഡബ്ല്യു കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു കഞ്ചാവ്. ചില്ലറ വിപണിയിൽ 50 ലക്ഷം വില വരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംസ്ഥാനത്ത് നടന്നുവരുന്ന പ്രത്യേക നാർകോട്ടിക് ഡ്രൈവ് ഓപ്പറേഷന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ലഹരിവസ്‌തു പിടിച്ചത്.
Also Read: 24 മണിക്കൂറിനിടെ ട്രെയിനിലും ബസിലുമായി എക്‌സൈസ് പിടികൂടിയത് 50 കിലോ കഞ്ചാവ്
പിടിയിലായ കരീം പാലക്കാട്, മലപ്പുറം ജില്ലകളിലായി ഏഴോളം മദ്യക്കടത്ത്, കഞ്ചാവ് കേസുകളിൽ പ്രതിയാണ്. ഫാസിൽ തട്ടിപ്പ് കേസിലും പ്രതിയാണ്. ജയിലിൽ വച്ചുള്ള പരിചയത്തിലാണ് ഇരുവരും കഞ്ചാവ് കടത്താനിറങ്ങിയത്. ഇവർ മധ്യകേരളത്തിലെ കഞ്ചാവ് കച്ചവടക്കാർക്കാണ് മൊത്തമായി വിൽപ്പന നടത്തുന്നത്. സംഭവത്തിൽ വാളയാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.