പാലക്കാട്: പാലക്കാട് ടൗൺ നോർത്ത് എസ്‌ഐ സുധീഷ് കുമാറിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. എസ്‌ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്‍റ് അമീറലി വിളയൂർ (34), പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയംഗം റഊഫ് പട്ടാമ്പി (35) എന്നിവരെയാണ് പാലക്കാട് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ പേർ കുറ്റകൃത്യത്തിൽ ഏർപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ സൈബർ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഒരാഴ്‌ചയിലേറെയായി എസ്‌ഐക്കെതിരെ പൊതുസ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിച്ചും ഫേസ്‌ബുക്ക്, വാട്‌സാപ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയും പ്രചാരണം നടത്തുകയായിരുന്നു. രണ്ട് കൊലപാതക ശ്രമ കേസുകളിലെ പ്രതികളായ ബിലാൽ, അബ്ദുൾ റഹിമാൻ എന്നിവരെ അറസ്റ്റ് ചെയ്‌തതിനെ തുടർന്ന് പൊലീസിനെതിരെ ഒരു സമുദായത്തിൻ്റെ വികാരം തിരിക്കാനുള്ള ശ്രമമാണ് നടത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.