പാലക്കാട്: നെല്ലിയാമ്പതിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം. അച്ഛനൊപ്പം രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. പറമ്പിക്കുളം പെരിയ ചോല കോളനിയിലെ രാമചന്ദ്രൻ്റെ മകൻ റനീഷാണ് മരിച്ചത്. രാമചന്ദ്രൻ ഗുരുതര പരിക്കുകളോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
നെല്ലിയാമ്പതി ആന മട എസ്റ്റേറ്റിലെ തൊഴിലാളിയായ രാമചന്ദ്രൻ മകനുമൊന്നിച്ച് പാഡിയിലേക്ക് കാട്ടിലൂടെ പോകുമ്പോഴാണ് സംഭവം. കുഞ്ഞിനെ നെന്മാറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. രാമചന്ദ്രനും ഗുരുതമായി പരിക്കേറ്റിട്ടുണ്ട്. ആനമട എസ്റ്റേറ്റിൽ ജോലിക്കായി വന്നതാണ് തേക്കടി പെരിയ ചോല കോളനി നിവാസികളായ കുടുംബം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.