പാലക്കാട്: ഒരു ചുവരിൽ മൂന്ന് മുന്നണി സ്ഥാനാർഥികളുടെ പ്രചാരണ ചുവരെഴുത്ത്. പട്ടാമ്പിയിലാണ് ഈ വേറിട്ട കാഴ്ച. പട്ടാമ്പി നഗരസഭ ഇരുപത്തിരണ്ടാം ഡിവിഷൻ നൈതേരി റോഡിൽ മോഹൻദാസ് ഇടിയത്തിന്‍റെ വീടിന്‍റെ മതിലാണ് മൂന്ന് മുന്നണികൾക്കുമായി ചുവരെഴുത്ത് നടത്താൻ വിഭജിച്ച് നൽകിയത്.
പ്രകൃതിയോട് ഇണങ്ങിയ പ്രചാരണ മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിസ്ഥിതി പ്രവർത്തകനായ വനമിത്ര മോഹൻദാസ് മുന്നണി വ്യത്യാസമില്ലാതെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തന്‍റെ വീടിന്‍റെ മതിൽ വിട്ടുനൽകിയത്. ഇടതുവശത്ത് യു.ഡി.എഫിനും മുൻവശത്ത് രണ്ടിടങ്ങളിലായി എൻ.ഡി.എക്കും എൽ.ഡി.എഫിനുമായിട്ടാണ് ചുവരെഴുതാൻ സ്ഥലം നൽകിയത്. പരിസ്ഥിതി സ്നേഹി കൂടിയായ മോഹൻദാസ് സ്ഥാനാർഥികൾക്കും പ്രവർത്തകർക്കും വൃക്ഷത്തൈകൾ നൽകുകയും ചെയ്തു.
ഈ ചുവരെഴുത്തുകൾക്ക് പിന്നിൽ മറ്റൊരു പ്രത്യേകതയുമുണ്ട്. മൂന്നു മുന്നണികളുടെയും സ്ഥാനാർഥികൾക്ക് വോട്ട് അഭ്യർഥിച്ച് മനോഹരമായ വടിവൊത്ത കൈപ്പടയിൽ ചുവരെഴുതിയത് ഒരാളാണ്. മൂന്ന് മുന്നണികൾക്ക് വേണ്ടിയും ഒരേ സ്ഥലത്ത് എഴുതാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് ചുവരെഴുത്ത് നടത്തിയ മണികണ്‌ഠൻ.