പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്വകാര്യ ബസുകളില്‍ നിന്ന് ബുധനാഴ്‌ച മുതല്‍ ടോള്‍ പിരിക്കുമെന്ന് കരാര്‍ കമ്പനി. എന്നാല്‍ ടോള്‍ നല്‍കി സര്‍വീസ് നടത്താന്‍ കഴിയില്ലെന്ന് ബസുടമകള്‍. അമിത ടോള്‍ ഈടാക്കുന്നതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുകള്‍ ടോള്‍ നല്‍കാതെ ബാരിയര്‍ തട്ടി മാറ്റിയാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്.
വിഷയം സംബന്ധിച്ച് കോടതിയെ സമീപിച്ച കരാര്‍ കമ്പനിയോട് വര്‍ധിപ്പിച്ച ടോള്‍ പിന്‍വലിക്കാന്‍ കോടതി ഉത്തരവിട്ടു. കോടതി ഉത്തരവിനെ തുടര്‍ന്ന് ഏപ്രില്‍ 1ന് മുമ്പുള്ള നിരക്കിലാണ് ഇപ്പോള്‍ കമ്പനി ടോള്‍ പിരിക്കാന്‍ തിരുമാനിച്ചത്. എന്നാല്‍ തുക അനുസരിച്ച് സ്വകാര്യ ബസുകള്‍ക്ക് മാസം 50 ട്രിപ്പുകള്‍ക്ക് 9400 രൂപ നൽകേണ്ടി വരും.
എന്നാല്‍ ഇത്തരം സാഹചര്യത്തില്‍ സര്‍വ്വീസ് നടത്താനാവില്ലെന്നാണ് ബസുടമകള്‍ പറയുന്നത്. ഇത് സംബന്ധിച്ച് ബസുടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ബസുടമകള്‍ നല്‍കിയ ഹര്‍ജി കോടതി ജൂണ്‍ 20ന് പരിഗണിക്കും. കേസ് പരിഗണിക്കുമ്പോൾ ദേശീയപാത അതോറിറ്റിയുടെ അഭിപ്രായം കരാർ കമ്പനിയെ പ്രത്യേക ദൂതൻ മുഖേന അറിയിക്കും. അതേ സമയം ടോൾ പിരിവ് കുറയ്ക്കാൻ ഉത്തരവിട്ട കോടതിവിധിക്കെതിരെ കരാർ കമ്പനി ഹൈക്കോടതിയിൽ അപ്പീൽ നൽകി.
also read:പന്നിയങ്കര ടോള്‍ പിരിവ്; തിങ്കളാഴ്‌ച ഹൈക്കോടതിയില്‍