പാലക്കാട്: ചെമ്മണാമ്പതി പറമ്പിക്കുളം റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പാലക്കാട് കലക്‌ടർ വിളിച്ചു ചേർത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. രണ്ട് മാസത്തിനുള്ളിൽ റോഡ് നിർമ്മാണം തുടങ്ങുമെന്ന് കലക്‌ടർ യോഗത്തിൽ ഉറപ്പ് നൽകി. വനഭൂമിയിലൂടെ ഊരിലേക്ക് റോഡ് വെട്ടുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്കാണ് കലക്‌ടർ ഉറപ്പ് നൽകിയത്. എന്നാൽ റോഡ് പണി അവസാനിപ്പിക്കുന്നത് ആലോചിച്ച ശേഷം മാത്രമെന്ന് യോഗത്തിനെത്തിയ സമരക്കാർ പറഞ്ഞു.
ഉച്ചക്ക് 3.30 ഓടെയാണ് ചെമ്മണാമ്പതിയിൽ നിന്ന് പറമ്പിക്കുളത്തേക്ക് വനപാത വെട്ടുന്ന ആദിവാസികളുമായി ജില്ലാ കലക്‌ടർ ഡി ബാലമുരളിയും ജനപ്രതിനിധികളും ചർച്ച നടത്തിയത്. ആദിവാസികളുടെ ആവശ്യം ന്യായമാണെന്ന പൊതു വികാരമാണ് രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളടക്കം യോഗത്തിൽ പങ്കുവെച്ചത്. വിഷയത്തിൽ മുഖ്യമന്ത്രിയും വനം മന്ത്രിയും ജില്ലാ കലക്‌ടറുമായി വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു.