പാലക്കാട്: അധ്യാപകനാകണം, ഉമ്മയേയും രണ്ട് സഹോദരങ്ങളേയും പോറ്റണം. ചെറുപ്പത്തില്‍ അച്ഛൻ ഉപേക്ഷിച്ചു പോയ പാലക്കാട് പുതുശേരി സ്വദേശിയായ ഐ അബ്‌ദുൾ ജലീല്‍ എന്ന ഇരുപത്തിനാലുകാരന് ചെറിയ ആഗ്രഹങ്ങൾ മാത്രമാണുള്ളത്. പാലക്കാട് നഗരത്തിലെ വാടക മുറിയില്‍ ഉമ്മ നസർ ജഹാൻ വസ്ത്രം തുന്നിയും തുന്നല്‍ പരിശീലനം നല്‍കിയും ജീവിക്കാനുള്ള പണം കണ്ടെത്തുമ്പോൾ അനാഥ മന്ദിരത്തില്‍ വളർന്ന ജലീല്‍ ജീവിതത്തിന്‍റെ തലവര മാറാൻ പഠിച്ചു മുന്നേറി.
കണ്ണൂർ സർവകലാശാലയിൽ നിന്നും അറബിയിൽ ബിരുദാനന്തര ബിരുദം നേടിയ ജലീൽ ഒഴിവുസമയങ്ങളിൽ നേരമ്പോക്കായാണ് അറബി ഭാഷ തല തിരിച്ചെഴുതി തുടങ്ങുന്നത്. സാധാരണ വലതു നിന്നും ഇടത്തോട്ട് എഴുതുന്ന അറബി ഭാഷയിൽ ഇടതു നിന്നും വലത്തോട്ടും തലകുത്തനെയും ജലീല്‍ എഴുതി തുടങ്ങിയതോടെ പ്രോത്സാഹനവുമായി സുഹൃത്തുക്കളുമെത്തി. അതിനിടെയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിനെ കുറിച്ച് അറിയുന്നത്. പിന്നീടങ്ങോട്ട് റെക്കോഡ് നേട്ടത്തിനായുള്ള പരിശ്രമം. ദിവസവും രണ്ട് മണിക്കൂർ വീതം രാത്രികളിൽ പരിശീലനം. ആദ്യം 100 രക്തസാക്ഷികളുടെ പേരുകൾ അറബിയിൽ തലതിരിച്ച് എഴുതാൻ തീരുമാനിച്ചതെങ്കിലും അവരുടെ പേരുകൾ പഠിച്ചെടുക്കാൻ വലിയ സമയം വേണ്ടി വരുമെന്ന് മനസിലാക്കിയതോടെ സുപരിചിതമായ ഇന്ത്യൻ ദേശീയ ഗാനം ഇത്തരത്തിൽ എഴുതാൻ തീരുമാനിക്കുകയായിരുന്നു.
ദേശീയ ഗാനം വേഗത്തിൽ എഴുതുമ്പോൾ തെറ്റ് കൂടാതെ ചെയ്യുക എന്നത് വലിയൊരു ഉത്തരവാദിത്തമായിരുന്നെന്ന് ജലീൽ പറയുന്നു. ഒന്നര മാസത്തെ പരിശീലനത്തിനൊടുവില്‍ ആദ്യ ശ്രമത്തിൽ തന്നെ ഇന്ത്യൻ ദേശീയ ഗാനം വേഗത്തില്‍ അറബിയില്‍ തലതിരിച്ച് എഴുതി ജലീൽ റെക്കോഡ് നേട്ടം കൈവരിച്ചു. പ്രകടനത്തിന് ഇൻവിജിലേറ്ററായി എത്തിയത് മണ്ണാർക്കാട് തഹസിൽദാർ എൻ.എം. റാഫി ആയിരുന്നു. രണ്ട് മിനിറ്റ് 47 സെക്കൻഡാണ് ജലീലിന്‍റെ റെക്കോഡ്. ദേശീയ ഗാനം അറബിയില്‍ തലതിരിച്ച് എഴുതി റെക്കോഡ് നേടുന്ന ആദ്യത്തെ വ്യക്തി കൂടിയാണ് ജലീൽ.