പാലക്കാട്:പഠനത്തിനൊപ്പം കായിക മേഖലയിലും മികവ് തെളിയിക്കുന്നതിനായി ഓങ്ങല്ലൂരിൽ ഒരു സിന്തറ്റിക് ബാസ്കറ്റ് ബോൾ കോർട്ട് സജ്ജമാക്കി. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വാടാനംകുറുശ്ശി ഗവൺമെന്‍റ് ഹയർ സെക്കണ്ടറി സ്‌കൂളിലാണ് കോർട്ട് നിർമിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പൂര്‍ണമായും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ആദ്യത്തെ സിന്തറ്റിക് ബാസ്കറ്റ് ബോൾ കോർട്ടാണിത്.
മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ സിന്തറ്റിക് ബാസ്കറ്റ് ബോൾ കോർട്ടിന്‍റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. ഇന്‍റർനാഷണൽ സ്‌കൂളിൽ ഉള്ളതു പോലെ ഗവൺമെന്‍റ് സ്കൂളുകളിലെ വിദ്യാർഥികൾക്കും ബാസ്കറ്റ് ബോൾ കോർട്ടിന്‍റെ പ്രയോജനം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി അധികൃതർ കോർട്ട് നിർമിക്കാൻ തീരുമാനിച്ചത്. ഷട്ടിൽ കോർട്ടായും ഇത് ഉപയോഗിക്കാൻ സാധിക്കും. രണ്ട് ഘട്ടങ്ങളിലായി ഒൻപത് ലക്ഷം രൂപ ചെലവഴിച്ചാണ് കോർട്ടിന്‍റെ നിർമാണം പൂർത്തിയാക്കിയത്.
എൻ.ബി.എ സ്‌പെസിഫിക്കേഷൻ പാലിച്ചണ് 30 മീറ്റർ നീളവും 17 മീറ്റർ വീതിയുമുള്ള കോർട്ടിന്‍റെ നിർമാണം. വിദഗ്‌ദ എൻജിനീയർമാർ ഉള്‍പ്പെടെ 20 തൊഴിലാളികളാണ് നിർമാണത്തിൽ പങ്കാളികളായത്. ഒന്നാം ഘട്ടത്തിൽ കോർട്ടിന്‍റെ നിർമാണവും രണ്ടാം ഘട്ടത്തിൽ പോസ്റ്റ്, പെയിന്‍റിംഗ്, മാർക്കിങ് ഉൾപ്പെടെയുള്ള അനുബന്ധ പ്രവർത്തനങ്ങളും നടന്നു.