പാലക്കാട് : പി.സി ജോർജുമായി ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മലക്കം മറിഞ്ഞ് സ്വപ്‌ന സുരേഷ്. പിസി ജോർജിനെ കണ്ടിട്ടില്ലെന്ന്, ബുധനാഴ്ച രാവിലെ 9.30 ഓടെ പാലക്കാട് എച്ച്‌ആർഡിഎസ് ഓഫിസിൽവച്ച്, സ്വപ്ന പറഞ്ഞിരുന്നു. എന്നാല്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സ്വപ്‌ന തനിക്ക് കത്ത് നല്‍കിയെന്ന് പറഞ്ഞ് പി സി ജോര്‍ജ് രംഗത്തെത്തി. ഇതോടെ നിലപാടില്‍ മലക്കം മറിഞ്ഞ സ്വപ്‌ന പിസി ജോര്‍ജിനെ കണ്ടതായി 12.30 ഓടെ സ്ഥിരീകരിച്ചു.
എച്ച്‌ആർഡിഎസ് ഫൗണ്ടർ സെക്രട്ടറി അജി കൃഷ്‌ണന്‍റെ ഉപദേശ പ്രകാരമാണ് പിസി ജോർജിനെ കണ്ടത്. പിസി ജോർജിനെ വ്യക്തിപരമായി അറിയില്ല. അദ്ദേഹം നിരന്തരം തന്നെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായും സ്വപ്‌ന വ്യക്തമാക്കി.
പിസിയുടെ കൈയിലെ പേപ്പറിലെ വിവരങ്ങളെപ്പറ്റി തനിക്കറിയില്ല. 22 തവണ സ്വർണം കടത്തിയെന്ന് സ്വപ്‌ന പറഞ്ഞതായി പിസി ജോർജ് ആരോപിച്ചിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കാൻ സ്വപ്‌ന സുരേഷ് തയാറായില്ല. എച്ച്‌ആർഡിഎസിനുകീഴില്‍ സ്ത്രീകൾക്ക് വേണ്ടി ജോലി ചെയ്യാനാണ് തന്നെ നിയമിച്ചത്. തനിക്ക് ഭീഷണിയുണ്ടെന്നും സ്വപ്‌ന ആവർത്തിച്ചു.