പാലക്കാട്: കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷന്‍റെ (കെ.ആർ.ടി.എ) രണ്ടാമത്തെ സംസ്ഥാന സമ്മേളനം നാളെ പാലക്കാട് എൻ.ജി.ഒ. യൂണിയൻ ഹാളിൽ നടക്കും. കെആര്‍ടിഎ ഭാരവാഹികള്‍ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളില്‍ ഭിന്ന ശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിക്കുന്ന 2880 സ്പെഷ്യൽ എഡ്യുക്കേറ്റർമാരാണ് സംസ്ഥാനത്തുള്ളത്. തുഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഈ വിഭാഗം അധ്യാപകരെ സ്ഥിരപ്പെടുത്തണം എന്ന ആവശ്യത്തിന് രണ്ടര പതിറ്റാണ്ടിന്‍റെ പഴക്കമുണ്ട്. സ്ഥിരപ്പെടുത്തലിന് അനുകൂലമായ കോടതി വിധികൾ ഉണ്ടെങ്കിലും ഇതുവരെ നടപടികൾ ഉണ്ടായിട്ടില്ല. ഇതിനൊരു പരിഹാരം ഉണ്ടാകണമെന്നും, ശമ്പളക്കുടിശ്ശിക തീർക്കണമെന്നും, ഏപ്രിൽ മാസം പുനർനിയമനം നൽകണം എന്നീ ആവശ്യങ്ങളാണ് സംഘടന ഉയർത്തുന്നത്.
കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സ്പെഷ്യൽ എഡ്യുക്കേറ്റർമാരെ സ്ഥിരപ്പെടുത്തുക എന്നത് രക്ഷിതാക്കളുടെ കൂടി ആവശ്യമാണെന്ന് സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റ് ആർ സുനിത പറഞ്ഞു. ജില്ല സെക്രട്ടറി ടി. ടി ശ്രീരാജ്, ജില്ല പ്രസിഡന്‍റ് ഗീത പി പഞ്ചാരത്ത്, എ അരുൺ, ദീപ ജോസഫ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.