പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥികളുടെ കരടുപട്ടിക തയ്യാറായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനോട് പരസ്യമായി പോരിനിറങ്ങിയ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭ സുരേന്ദ്രനെ പാലക്കാട് നിന്ന് കാട്ടാക്കടയിലേക്ക് മാറ്റുമെന്നാണ് സൂചന.
ശോഭക്ക് പകരം ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികലയെ പാലക്കാട് മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് തീരുമാനം. അതേസമയം ശോഭയെ ഒതുക്കാനാണ് ഈ നടപടിയെന്നാണ് ശോഭയുടെ അനുകൂലികൾ വിലയിരുത്തുന്നത്. 2016ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രൻ പാലക്കാട് നിയമസഭ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് മുന്‍സിപ്പാലിറ്റിയിൽ വിജയിച്ചതോടെ ബിജെപി വിജയ സാധ്യത കല്‍പ്പിക്കുന്ന മണ്ഡലമാണ് പാലക്കാട്.