പാലക്കാട്: ആർ.എസ്.എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍റെ വധത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒറ്റരാത്രിയിൽ പദ്ധതിയിട്ട ശേഷം പകൽ 20 സെക്കൻഡിലാണ് എസ്.ഡി.പി.ഐ കൊലപാതകം നടത്തിയതെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. ഇക്കാര്യത്തിൽ എസ്.ഡി.പി.ഐ ആക്രമണങ്ങളുടെ പതിവ് രീതിയാണ് പിന്തുടർന്നതെന്നും അദ്ദേഹം പറഞ്ഞു.
'എത്താനും രക്ഷപ്പെടാനും വഴികള്‍': ശ്രീനിവാസൻ വധത്തിലെ ഗൂഢാലോചനയിൽ നിരവധിപേരുണ്ടെന്നും നേതാക്കളുൾപ്പെടെ ഗൂഢാലോചനയിൽ പങ്കെടുത്തിട്ടുണ്ടെന്നുമാണ് അന്വേഷണസംഘം നൽകിയ സൂചന. വിഷുദിവസം കൊല്ലപ്പെട്ട സുബൈറിന്‍റെ മൃതദേഹം സൂക്ഷിച്ച മോർച്ചറിക്ക് പിറകിലെ മൈതാനത്തോട് ചേർന്നാണ് മറുകൊല ചെയ്യാൻ അക്രമിസംഘം പദ്ധതിയിട്ടത്. കൊല്ലേണ്ടവരുടെ ലിസ്റ്റ് പരിശോധിച്ച് എളുപ്പം എത്തിപ്പെടാനും രക്ഷപ്പെടാനുമുള്ള സ്ഥലം കണ്ടെത്തി.
രക്ഷപ്പെടാനും ആയുധങ്ങളെത്തിക്കാനും ആളുകളെ തയ്യാറാക്കി. 16 ന് പകൽ കൊലപ്പെടുത്തിയ ആറംഗ സംഘത്തിന് പുറമെ വിവിധ വാഹനങ്ങളിൽ കുറച്ചുപേരെ സ്ഥലം നിരീക്ഷിക്കാനും പൊലീസിന്‍റെ സാന്നിധ്യം അറിയിക്കാനുമായി വിട്ടു. പ്രശ്‌നങ്ങളില്ലെന്ന് വിവരം ലഭിച്ച ശേഷമാണ് മൂന്ന് ബൈക്കിലായി ആറുപേർ ശ്രീനിവാസന്‍റെ സ്ഥാപനത്തിലെത്തിയത്. സംഭവശേഷം നേരത്തേയുണ്ടായിരുന്നവർ ഉൾപ്പെടെ മുഴുവനാളുകളും രക്ഷപ്പെട്ടു.
തെരച്ചില്‍ സി.സി.ടി.വി അടിസ്ഥാനമാക്കി: കുറച്ചുപേർ സുബൈറിന്‍റെ പോസ്‌റ്റ്‌മോർട്ടം നടക്കുന്ന ജില്ല ആശുപത്രിയിലെത്തി. തുടർന്ന്, നടന്ന വിലാപയാത്രയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ശക്തമായ പൊലീസ് പരിശോധന നടക്കുന്നതിനാൽ അതിർത്തി കടക്കാനായിട്ടില്ല. പരിശോധിച്ച സി.സി.ടി.വികളുടെ അടിസ്ഥാനത്തിൽ സമീപ ജില്ലകളിലാണ് അന്വേഷകസംഘം പ്രതികളെ തെരയുന്നത്.
ശ്രീനിവാസന്‍റെ ശരീരത്തിൽ ആഴത്തിലുള്ള 10 മുറിവുണ്ട്. തലയിൽ മൂന്ന് വെട്ടുമുണ്ട്. തലയിലേറ്റ ആഴത്തിലുള്ള പരിക്കാണ് മരണകാരണം. ഗൂഢാലോചനയിൽ ഉൾപ്പെട്ടവരും കൊലപ്പെടുത്താൻ പോയവരിലുമായി കൂടുതൽപേർ പൊലീസ് കസ്റ്റഡിയിലുണ്ട്. വരും ദിവസങ്ങളിൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.
പൊലീസിന് ആർ.എസ്.എസ് താത്‌പര്യം: സുബൈർ വധത്തിൽ ആർ.എസ്.എസ് ഉന്നത ഗൂഢാലോചനയുണ്ടെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് സി.പി മുഹമ്മദ് ബഷീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സുബൈർ കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുന്‍പ് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ പാലക്കാട്ട് എത്തിയത് അന്വേഷിക്കണം.
ശ്രീനിവാസൻ വധത്തിൽ പോപ്പുലർ ഫ്രണ്ടിന് പങ്കില്ല. ഈ കേസിൽ ആർ.എസ്.എസ് താത്‌പര്യമാണ് പൊലീസ് സ്വീകരിക്കുന്നത്. പൊലീസിൽ ആർ.എസ്.എസിന്‍റെ ഫ്രാക്‌ഷൻ പ്രവർത്തിക്കുന്നുണ്ടെന്നും മുഹമ്മദ് ബഷീർ ആരോപിച്ചു.
ALSO READ | ശ്രീനിവാസൻ വധം: 3 പേർ കൂടി കസ്റ്റഡിയിൽ; പ്രതികൾ കേരളം വിട്ടിട്ടില്ലെന്ന് പൊലീസ്