പാലക്കാട്: സ്പിരിറ്റ് കടത്തിയ കേസില്‍ സിപിഎം നേതാവ് അത്തിമണി അനിൽ പിടിയിൽ. തത്തമംഗലത്തിന് സമീപത്ത് നിന്ന് മെയ് ഒന്നിന് 525 ലിറ്റർ സ്പിരിറ്റ് കടത്തിയ കേസിൽ അഞ്ച് ദിവസമായി ഇയാൾ ഒളിവിലായിരുന്നു. ചിറ്റൂരിൽ നിന്നാണ് എക്സൈസ് അനിലിനെ പിടികൂടിയത്. പിടിയിലായ സഹായി മണിയിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പാലക്കാട് കേന്ദ്രീകരിച്ച് നടത്തുന്ന വ്യാജകളള് നിർമ്മാണ സംഘത്തിലെ പ്രധാന കണ്ണിയായ അനിലിന് പാര്‍ട്ടിയിലെയും എക്സൈസിലെയും ഉന്നതരുമായി അടുത്ത ബന്ധമുണ്ട്.
മുന്‍മ്പ് അതിർത്തി പ്രദേശത്ത് പിടികൂടിയ 2000 ലിറ്ററിലേറെ സ്പിരിറ്റിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് വിവരം. പെരുമാട്ടി, പട്ടഞ്ചേരി പ്രദേശത്ത് നേരത്തെയുണ്ടായിരുന്ന ജനതാദൾ - സിപിഎം സംഘർഷത്തിലും അനിലിന് പങ്കുണ്ട്. മാസങ്ങളായി എക്സൈസ് ഇന്റലിജൻസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. എക്സൈസ് സംഘത്തിന് വീഴ്ചപറ്റിയതായും എക്സൈസ് ഇന്റലിജൻസ് കണ്ടെത്തിയിരുന്നു. പലപ്പോഴും എക്സൈസ് ഉദ്യോഗസ്ഥരെ ഇയാൾ ഉൾപ്പെടെയുളള സംഘം ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് പെരുമാട്ടി ലോക്കല്‍ കമ്മിറ്റി അംഗവും അത്തിമണി ബ്രാഞ്ച് സെക്രട്ടറിയുമായ അനിലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.