പാലക്കാട്: സംസ്ഥാന നിയമസഭയുടേത് മാതൃകപരമായ പ്രവർത്തനമാണെന്നും മഹനീയമായ പാരമ്പര്യമാണ് നിയമസഭക്ക് ഉള്ളതെന്നും നിയമസഭ സ്‌പീക്കര്‍ എഎന്‍ ഷംസീര്‍. ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി സംസ്ഥാന നിയമസഭ മ്യൂസിയത്തിന്‍റെ ആഭിമുഖ്യത്തിൽ നെന്മാറ എലവഞ്ചേരി കരിങ്കുളം പ്രണവം ഓഡിറ്റോറിയത്തിൽ നടന്ന ഫോട്ടോ, വീഡിയോ പ്രദർശനത്തിന്‍റെ ഉദ്ഘാടനം ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും കൂടുതല്‍ സമ്മേളനങ്ങള്‍ ചേരുന്ന നിയമസഭയാണ് സംസ്ഥാനത്തേത്. വർഷത്തിൽ ശരാശരി 55 മുതൽ 60 ദിവസം വരെ നിയമസഭ ചേരും. 800ലധികം കാലഹരണപ്പെട്ട നിയമങ്ങൾ റിപ്പീൽ ചെയ്യാൻ നിയമസഭ ആലോചിക്കുന്നതായും സ്‌പീക്കർ പറഞ്ഞു. ആരോഗ്യകരമായ സംവാദങ്ങളാണ് പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ സഭയിൽ നടക്കുന്നത്.
നിയമസഭയെ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോട്ടോ, വീഡിയോ പ്രദർശനം സംഘടിപ്പിക്കുന്നത്. കൂടുതൽ സ്ഥലങ്ങളിൽ പ്രദർശനം സംഘടിപ്പിക്കും. നിയമസഭയുടെ ലൈബ്രറിയും പുസ്തകങ്ങളും ഉൾപ്പെടെ പൊതു സമൂഹത്തിന് ലഭ്യമാകുന്നതിനെ കുറിച്ച് ചിന്തിക്കുന്നതായും സ്‌പീക്കര്‍ പറഞ്ഞു. നിയമസഭയെ സംബന്ധിച്ചും അസംബ്ലിയെ സംബന്ധിച്ചും പൊതു ജനങ്ങള്‍ അറിയണമെന്നും സ്‌പീക്കര്‍ വ്യക്തമാക്കി.
സ്വാതന്ത്രത്തിന്‍റെ 75 ആം വാര്‍ഷിക വേളയിൽ രാജ്യത്തിന്‍റെ മതനിരപേക്ഷ ജനാധിപത്യത്തിന്‍റെ ഉള്ളടക്കം സംരക്ഷിക്കാൻ നമ്മുക്ക് കഴിയണം. ഭരണഘടനയെ ഇല്ലാതാക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോള്‍ സമൂഹത്തില്‍ നടക്കുന്നത്. നിരവധി വാദ പ്രതിവാദങ്ങളിലൂടെ രൂപപ്പെട്ടതാണ് ഇന്ത്യൻ ഭരണഘടന. നമ്മുടെ രാജ്യത്തിന് മതമില്ല എന്നാൽ ചിലർ മത കാഴ്‌ചപ്പാടുകൾ കൊണ്ട് ഭരണഘടനയെ മാറ്റി എഴുതാൻ ശ്രമിക്കുന്നുണ്ട്.
ഇന്ത്യൻ ജനിതക ഘടന മതേതരവും ജനാധിപത്യപരവുമാണ്. മതത്തിന്‍റെ പേരിൽ പൊതു ജനങ്ങള്‍ ആക്രമിക്കപ്പെടുന്നു. ഭരണഘടന മാറ്റി എഴുതാൻ ശ്രമിക്കുന്നു. അത്തരം സാഹചര്യങ്ങൾ ഇല്ലാതാവണം ഇതിനെതിരെ ചെറുത്ത് നിൽപ്പ് വേണം.
വൈവിധ്യമാർന്ന ഭാഷയും, സംസ്ക്കാരവും, ഭക്ഷണവും ചേരുന്നതാണ് ഇന്ത്യ എന്ന രാജ്യം.
അത്തരത്തിലൊരു രാജ്യത്ത് ഹിന്ദി നിർബന്ധമായും പഠിക്കണം എന്നത് അംഗീകരിക്കാൻ കഴിയില്ല. ഇന്ത്യ 22 ഭാഷകളാൽ വൈവിധ്യമുള്ള രാജ്യമാണ് ആയിര കണക്കിന് നാട്ടുഭാഷകളും ഉൾകൊള്ളുന്ന രാജ്യത്ത് ഇത്തരം നിലപാടുകൾക്ക് എതിരെ ശക്തമായ പ്രതികരണം ഉണ്ടാവണം.
ലഹരിക്കെതിരെയും അന്ധവിശ്വാസങ്ങൾക്കെതിരെയും അനാചാരങ്ങൾക്കെതിരെയും ചെറുത്ത് നിൽപ്പ് വേണം. പുരോഗമനപരമായി സംസ്ഥാനത്തെ മുഴുവന്‍ യുവതലമുറയും സംഘടിക്കേണ്ടതുണ്ട്. കേരളത്തിലെ പുരോഗമന പക്ഷം ശക്തമാകണമെന്നും സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ പറഞ്ഞു.
പരിപാടിയില്‍ കെ.ബാബു എംഎൽഎ അധ്യക്ഷനായി. അഡ്വ. കെ ശാന്തകുമാരി എംഎൽഎ , യുനിസെഫ് കേരള - തമിഴ്‌നാട് സോഷ്യൽ പോളിസി ചീഫ് കെഎൽ റാവു, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി.ലീലാമണി, പഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ.മണികണ്‌ഠന്‍ , കെ.സത്യപാലൻ, കെ.ബേബി സുധ, കെ.എസ് സക്കീർ ഹുസൈൻ, സുധീറ ഇസ്‌മായിൽ, വി.പ്രേമ സുകുമാരൻ, എൽ.സായി രാധ , ജില്ല പഞ്ചായത്ത് മെമ്പർ ആർ ചന്ദ്രൻ , ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ സംസാരിച്ചു.
also read: മാധ്യമ പ്രവർത്തകർ ഗൗരവമുള്ള കാര്യങ്ങൾ ഗൗരവമായി റിപ്പോർട്ട് ചെയ്യണം; സ്‌പീക്കർ എഎൻ ഷംസീർ