പാലക്കാട്: സൈലന്‍റ് വാലിദേശീയോദ്യാനത്തിൽനിന്ന് കാണാതായ താൽക്കാലിക വാച്ചർ രാജനായി തമിഴ്‌നാട്ടിൽ തെരച്ചിൽ നടത്തി പൊലീസ്. രാജനെ മാവോയിസ്റ്റ് തട്ടിക്കൊണ്ടുപോയെന്നും വന്യമൃഗങ്ങൾ പിടിച്ചെന്നുമുള്ള കുടുംബത്തിന്‍റെയടക്കമുള്ള ആരോപണങ്ങൾ ശരിയല്ലെന്ന് അന്വേഷണസംഘം കണ്ടെത്തി. രാജൻ തമിഴ്‌നാട്ടിൽ എത്തിയതിന്‍റെ തെളിവുകള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു.
രാജനെ തേടിയുള്ള വനത്തിലെ തെരച്ചിൽ പൊലീസ് നേരത്തെ അവസാനിപ്പിച്ചിരുന്നു. ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയ പശ്ചാത്തലത്തിൽ രാജനെക്കുറിച്ച് വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. അഗളി ഡിവൈഎസ്‌പി എൻ മുരളീധരൻ, അഗളി സിഐ, എസ്ഐ എന്നിവരടങ്ങുന്നതാണ് അന്വേഷകസംഘം. രാജന്‍റെ അടുത്ത സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
മെയ് മൂന്നിന് രാത്രിയോടെയാണ് സൈരന്ധ്രിയിലെ താമസ സ്ഥലത്തുനിന്ന് രാജനെ കാണാതായത്. വനം, പൊലീസ്, തണ്ടർബോൾട്ട്, സിവിൽ ഡിഫൻസ്, വയനാട്ടിൽനിന്നെത്തിയ ട്രക്കിങ് വിദഗ്‌ധർ, രാജന്റെ ബന്ധുക്കൾ എന്നിവരെല്ലാം ഒരാഴ്‌ചയോളം തെരഞ്ഞിട്ടും ഒരു തെളിവും കണ്ടെത്താനായിരുന്നില്ല. സൈലന്‍റ് വാലി വനത്തിലെ 300 കിലോമീറ്ററോളം വരുന്ന നടപ്പാതകളും ഫയർലൈനുകളും പരിശോധിച്ച അന്വേഷണ സംഘം ക്യാമറ ട്രാപ് ഉപയോഗിച്ചുള്ള നിരീക്ഷണവും നടത്തിയിരുന്നു.
പൊലീസിന്‍റെ പ്രത്യേകസംഘം കഴിഞ്ഞ ദിവസം സൈലന്‍റ് വാലി റേഞ്ച് ഓഫീസിലെത്തി ജീവനക്കാരിൽ നിന്ന് മൊഴിയെടുത്തിരുന്നു.