പാലക്കാട്: അട്ടപ്പാടിയിലെ പ്രധാന ഉത്സവങ്ങളിലൊന്നാണ് മല്ലീശ്വര ക്ഷേത്രത്തിൽ നടക്കുന്ന ശിവരാത്രി മഹോത്സവം. ആദിവാസി വിഭാഗത്തിലുള്ള കർമ്മികളാണ് ഈ ക്ഷേത്രത്തിലുള്ളത് എന്നതാണ് ഈ ക്ഷേത്രത്തിന്‍റെ പ്രത്യേകത. താഴ്ന്ന ജാതിക്കാരെ ക്ഷേത്ര ക്രിയകളിൽ നിന്ന് മാറ്റി നിർത്തുകയും അവരുടെ ക്ഷേത്രങ്ങൾ പിടിച്ചടക്കുകയും ചെയ്ത ഒരു കാലഘട്ടത്തെ അതിജീവിച്ച പാരമ്പര്യമുണ്ട് ഈ ക്ഷേത്രത്തിന്. ആദിവാസി വിഭാഗത്തിലുള്ള ഇരുള, കുറുമ്പ വിഭാഗക്കാരാണ് ക്ഷേത്രത്തിന്‍റെ മുഖ്യ കാർമ്മികത്വം വഹിക്കുന്നത്. ക്ഷേത്ര ഭരണം ദേവസ്വം ബോർഡിൽ ലയിപ്പിക്കുവാനുള്ള ശ്രമം നടത്തിയപ്പോൾ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളായിരുന്നു ഉയർന്നത്.
ഇന്നേ ദിവസം കുറുമ്പ വിഭാഗത്തിലുള്ള ആദിവാസി മലമ്പൂചാരികൾ വനത്തിനകത്തുള്ള മല്ലീശ്വരമലയിലേക്ക് കയറി തിരിതെളിയിക്കുകയും അവിടെയുള്ള ക്ഷേത്രത്തിന് സമീപത്തുള്ള നീരുറവയിൽ നിന്നും ജലം ശേഖരിച്ചു തിരിച്ചിറങ്ങുകയും ചെയ്യും. ഉച്ചയ്ക്ക് മലകയറിയ പൂജാരികൾ പിറ്റേന്ന് ഉച്ചക്കേ തിരികെ വരുകയുള്ളൂ. വന്യമൃഗങ്ങൾ നിറഞ്ഞ വനപാതയിലൂടെ അതിസാഹസികമായാണ് ഇവർ മലകയറുക. ഇവർ കൊണ്ടു വരുന്ന തീർത്ഥത്തിനായി വലിയ ജനത്തിരക്കായിരിക്കും പ്രദേശത്ത് ഉണ്ടാകുക. വിവിധ ഊരുകളിലെ മികച്ച വിളകളുടെ വിത്തുകൾ 'വിത്തേറ്' എന്ന ചടങ്ങ് വഴി പരസ്പരം കൈമാറും. കാർഷിക സംസ്ക്കാരങ്ങളുടെ കൈമാറ്റം കൂടിയാണിത്.