പാലക്കാട്: മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധനയിൽ വ്യാജ രജിസ്ട്രേഷൻ നമ്പറുള്ള സ്‌കൂട്ടർ പിടികൂടി. അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടർ പിവി ബിജുവിന്‍റെ നേതൃത്വത്തിൽ ഒലവക്കോട് നടത്തിയ പരിശോധനയിലാണ് സ്‌കൂട്ടർ കണ്ടെത്തിയത്. മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയ നീല സുസുക്കി ആക്‌സസ് സ്‌കൂട്ടറിന്‍റെ ആർസി ചെറുതുരുത്തി സ്വദേശിയായ ബിന്ദുവിന്‍റെ പേരിലാണ്.
എന്നാൽ ബിന്ദുവിനെ വിളിച്ചപ്പോൾ ഇതേ നമ്പറിലുള്ള സ്‌കൂട്ടർ അവരുടെ വീട്ടിലുണ്ടെന്ന് പറഞ്ഞു. ഇതോടെയാണ് ഒലവക്കോട് കണ്ടെത്തിയ വാഹനം വ്യാജനാണെന്ന് മനസിലായത്. പാലക്കാട് നിന്ന് പിടികൂടിയ വാഹനത്തിന്‍റെ ചേസ് നമ്പർ പരിശോധിച്ചപ്പോൾ ഈ വാഹനം എവിടെയും രജിസ്‌റ്റർ ചെയ്‌തിട്ടില്ലെന്ന് മനസിലായി.
പുതുപ്പള്ളിത്തെരുവ് പൂളക്കാട് അൽഅമീൻ നഗറിൽ കാജാഹുസൈൻ എന്നയാളാണ് വാഹനം നാലുവർഷമായി ഉപയോഗിച്ചിരുന്നത്. വാഹനവും മറ്റ് രേഖകളും മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. വാഹനം വടക്കാഞ്ചേരിയിലെ ഷോറൂമിൽ നിന്നും തലശേരി സ്വദേശിയായ ഷറഫുദ്ദീൻ എന്നയാളാണ് വാങ്ങിച്ചത്.
പിന്നീട് മേപ്പറമ്പ് സ്വദേശിയായ രണ്ട് യുവാക്കൾക്ക് വാഹനം കൈമാറി. ഇവരിൽ നിന്നാണ് കാജാഹുസൈന് ലഭിച്ചത്. രജിസ്‌റ്റർ ചെയ്യാത്ത വാഹനത്തിന് ബിന്ദുവിന്‍റെ പേരിലുള്ള ആർസി ബുക്കിന്‍റെ പകർപ്പ് ലഭിച്ചത് എങ്ങനെയെന്ന് കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തും.