പാലക്കാട്: 'സാന്ത്വനസ്‌പർശം' പരാതി പരിഹാര അദാലത്തിൽ പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ചൊവ്വാഴ്ച അവസാനിക്കും. ഇതുവരെ അദാലത്തിൽ ലഭിച്ചത് ആയിരത്തിലേറെ പരാതികളാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും ഉടനടി പരിഹാരം ലക്ഷ്യമിട്ടാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ 'സാന്ത്വന സ്‌പർശം' ജില്ലാതല പരാതി പരിഹാര അദാലത്ത് നടത്തുന്നത്.
ഫെബ്രുവരി എട്ട്, ഒമ്പത്, പതിനൊന്ന് തീയതികളിലാണ് ജില്ലയില്‍ അദാലത്ത് നടക്കുന്നത്. മന്ത്രി എ.കെ. ബാലന്‍, ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ജില്ലയില്‍ അദാലത്ത് നടക്കുക. ജില്ലയില്‍ ഇതുവരെ 1,000ലേറെ പരാതികളാണ് ലഭിച്ചിരിക്കുന്നത്. ഇതില്‍ 670 പരാതികള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.
അദാലത്ത് ദിവസങ്ങളില്‍ ജനങ്ങൾക്ക് നേരിട്ടെത്തിയും പരാതികള്‍ നല്‍കാം. പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളിലെ അദാലത്ത് ഫെബ്രുവരി എട്ടിന് ജില്ലാ പഞ്ചായത്ത് ഹാളിലും ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിലെ അദാലത്ത് ഫെബ്രുവരി ഒമ്പതിന് ഷൊര്‍ണൂര്‍ ഗസീബ് ഹെറിറ്റേജിലും മണ്ണാര്‍ക്കാട് താലൂക്കിലെ അദാലത്ത് ഫെബ്രുവരി 11ന് അഗളി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലുമായിരിക്കും സംഘടിപ്പിക്കുക. പൊലീസ്, ദുരന്ത നിവാരണം, ലാന്‍ഡ് ട്രൈബ്യൂണല്‍, ലൈഫ് മിഷന്‍ എന്നിവ ഒഴികെയുള്ള പരാതികളാവും അദാലത്തിൽ പരിഗണിക്കുക.