പാലക്കാട്: രാജ്യം രാഷ്ട്രപിതാവിന്‍റെ 151-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ ഗാന്ധിജിയോട് അഭേദ്യമായ ബന്ധം പുലർത്തിയിരുന്ന പാലക്കാട് അകത്തേത്തറയിലെ ശബരി ആശ്രമവും മഹാത്മാവിന്‍റെ പാവനസ്മരണകളിലാണ്. സ്വാതന്ത്ര്യലബ്ധിക്കും അധസ്ഥിത വിഭാഗങ്ങളുടെ സാമൂഹ്യനീതിക്കും വേണ്ടിയുള്ള ഗാന്ധിജിയുടെ ഇടപെടലുകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് 1923ൽ ടി.ആർ കൃഷ്ണസ്വാമി അയ്യർ സ്ഥാപിച്ചതാണ് ശബരി ആശ്രമം. തെക്കേ ഇന്ത്യയിലെ ബർദോളിയെന്നാണ് ആശ്രമം അറിയപ്പെടുന്നത്. ഉപ്പുസത്യാഗ്രഹം, വൈക്കം സത്യാഗ്രഹം, ഖാദി പ്രസ്ഥാനം, മദ്യവർജനം തുടങ്ങി ഗാന്ധിജി നേതൃത്വവും പിന്തുണയും നൽകിയ പ്രസ്ഥാനങ്ങളിലും പരിപാടികളിലും ആശ്രമത്തിന്‍റെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കാനും ഉപ്പുസത്യാഗ്രഹമുൾപ്പെടെയുള്ള പരിപാടികളിൽ പങ്കെടുത്ത വോളണ്ടിയർമാരെ പരിശീലിപ്പിക്കാനും ആശ്രമം വേദിയായി.
ഈ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞ് ക്ഷണിക്കതെ തന്നെ ഗാന്ധിജി മൂന്നുതവണ ഇവിടം സന്ദർശിച്ചിട്ടുണ്ട്. 1925, 1927, 1934 വർഷങ്ങളിലാണ് അദ്ദേഹം ആശ്രമത്തിൽ എത്തിയത്. സന്ദർശന സമയത്ത് ഗാന്ധിജി നട്ട തെങ്ങ് ഇപ്പോഴും ഇവിടെയുണ്ട്. സന്ദർശക ഡയറിയിൽ അദ്ദേഹമെഴുതിയ വാക്കുകളും ആശ്രമത്തിൽ സൂക്ഷിച്ചിട്ടുണ്ട്. സരോജിനി നായിഡു പങ്കെടുത്ത് പാലക്കാട് വച്ച് നടന്ന കോൺഗ്രസ് സമ്മേളനത്തിൽ സംഘടിപ്പിച്ച പന്തിഭോജനത്തിൽ പങ്കെടുത്തെന്ന കാരണത്താൽ അഗ്രഹാരത്തിൽ നിന്നും പുറത്താക്കിയതിനെ തുടർന്നാണ് കൃഷ്ണസ്വാമി അയ്യർ അയിത്തോച്ചാടനം ലക്ഷ്യമിട്ട് ശബരി ആശ്രമം സ്ഥാപിക്കുന്നത്. ജാതിമതഭേദമില്ലാതെ എല്ലാ തരം മനുഷ്യരെയും ആശ്രമത്തിൽ പാർപ്പിച്ച് ഇന്ത്യയെന്ന ഒറ്റ സങ്കല്പത്തിനു പിന്നിൽ അണിനിരത്താൻ ആശ്രമം നിരന്തരം ഇടപെടലുകൾ നടത്തി. ഇപ്പോൾ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് താമസിച്ച് പഠിക്കാൻ വേണ്ട ഹോസ്റ്റലെന്ന നിലയിലാണ് ആശ്രമം പ്രവർത്തിച്ചു വരുന്നത്. ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാംസ്കാരിക വകുപ്പിന്‍റെ നേതൃത്വത്തിൽ അഞ്ചു കോടി രൂപ ചെലവഴിച്ച് ഗാന്ധി മ്യൂസിയം, ലൈബ്രറി എന്നിവയുടെയും വിദ്യാർഥികളുടെ നവീകരിച്ച ഹോസ്റ്റലിന്‍റെയും നിർമാണപ്രവർത്തനങ്ങൾ നടന്നുവരികയാണ്.