പാലക്കാട്: ചെമ്മണാമ്പതിയിൽ നിന്ന് പറമ്പികുളം തേക്കടി ഊരിലേക്ക് ആദിവാസികളുടെ നേതൃത്വത്തിൽ നടക്കുന്ന വനപാത നിർമാണം താൽക്കാലികമായി നിർത്തിവെച്ചു. വിഷയം സംബന്ധിച്ച് ഇന്നലെ കലക്‌ടറേറ്റിൽ ചേർന്ന യോഗത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. വൈകിട്ട് മൂന്നിന് ഊര് കൂട്ടം ചേരുംമെന്നും മുഴുവൻ ഊര് വാസികളുടെയും അഭിപ്രായം കേട്ടതിന് ശേഷം മാത്രമെ നാളെ മുതൽ വഴി വെട്ടണമോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളുവെന്നും ഊര് മൂപ്പൻ പറഞ്ഞു. ഇന്നലെ കലക്‌ടറുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ രണ്ടുമാസത്തിനകം ഇവിടേക്ക് റോഡ് നിർമിക്കാമെന്ന് ധാരണയായിരുന്നു.
വനപാത നിർമാണവുമായി ബന്ധപ്പെട്ട് മുന്നൂറ് ആദിവാസികൾക്കെതിരെയെടുത്ത കേസ് പിൻവലിക്കാൻ നിർദേശം നൽകുമെന്നും കലക്‌ടർ ബാലമുരളി ഉറപ്പുനൽകിയിരുന്നു. നെന്മാറ മണ്ഡലത്തിലെ മുതലമട പഞ്ചായത്തിൽ ചെമ്മണാമ്പതിയിൽ നിന്ന് പറമ്പിക്കുളം തേക്കടി ആദിവാസി ഊരിലെത്താൻ തമിഴ്‌നാട് ചുറ്റി വേണം പോകാൻ. ലോക്ക്ഡൗണിൽ തമിഴ്‌നാട് അതിർത്തി അടച്ചതോടെയും ജില്ലാ ആസ്ഥാനത്തും പഞ്ചായത്ത് ആസ്ഥാനമായ മുതലമടയിലും എത്താൻ കഴിയാതായതോടെയുമാണ് ഇവർ റോഡ് വെട്ടാൻ രംഗത്തിറങ്ങിയത്. കെ ബാബു എംഎൽഎ ഇടപെട്ടാണ് ചർച്ചക്ക് സൗകര്യമൊരുക്കിയത്.