പാലക്കാട്: പ്രഭാത സൈക്കിള്‍ സവാരിക്കിടെ അജ്ഞാത വാഹനമിടിച്ച് ചികിത്സയിലായിരുന്ന അധ്യാപകന്‍ മരിച്ചു. കണ്ണാടി ഹയർ സെക്കൻഡറി സ്‌കൂളിലെ റിട്ടയേര്‍ഡ് പ്രധാനാധ്യാപകനായ കിണാശേരി സ്വദേശി നന്ദകുമാറാണ് (56) മരിച്ചത്. സൈക്കിള്‍ യാത്രയെ ഏറെ പ്രണയിച്ച അധ്യാപകന്‍ വ്യായാമത്തിനും കാഴ്‌ചകള്‍ ആസ്വദിക്കുന്നതിനും പതിവായി രാവിലെ കിലോമീറ്ററുകളോളം സഞ്ചരിക്കാറുണ്ട്.
പതിവ് പോലെ വ്യാഴാഴ്‌ച പ്രഭാത സവാരിക്കിറങ്ങിയ അധ്യാപകനെ പാലക്കാട് മെഡിക്കല്‍ കോളജിന് മുന്നില്‍ വെച്ചാണ് അജ്ഞാത വാഹനമിടിച്ചിട്ടത്. അപകടത്തില്‍ പരിക്കേറ്റ നന്ദകുമാറിനെ കണ്ട ബൈക്ക് യാത്രക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ തലക്ക് പരിക്കേറ്റ നന്ദകുമാര്‍ മരിച്ചു.
1985ല്‍ കണ്ണാടി സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച നന്ദകുമാര്‍ പ്രധാനാധ്യാപകനായി തുടര്‍ന്ന് 2020ലാണ് ജോലിയില്‍ നിന്ന് വിരമിച്ചത്. ഇക്കാലയളവില്‍ സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയ ഓരോ വിദ്യാര്‍ഥിക്കും നന്ദകുമാര്‍ പ്രിയപ്പെട്ട അധ്യപകനായിരുന്നു. സ്‌കൂളിനെ എല്ലാ മേഖലകളിലും ഉയര്‍ത്തിക്കൊണ്ട് വരാന്‍ വളരെയധികം പ്രയത്നിച്ച അധ്യാപകന്‍ കൂടിയാണ് നന്ദകുമാര്‍.
ബാൻഡ് മേളത്തിൽ കണ്ണാടി സ്കൂളിനെ സംസ്ഥാന തലത്തിലെത്തിച്ചതിന് പിന്നിലും നന്ദകുമാറിന്‍റെ കഠിനാധ്വാനമാണ്. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി സ്‌കൂളിനെ ഏറ്റവും മികച്ച സ്‌കൂളാക്കി മാറ്റിയതിലും നന്ദകുമാര്‍ വഹിച്ച പങ്ക് വലുതായിരുന്നു. പോസ്‌റ്റ്‌മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കിണാശേരിയിലെ അദ്ദേഹത്തിന്‍റെ വസതിയായ അനുഗ്രഹയില്‍ പൊതുദര്‍ശനത്തിന് വെച്ചു.
സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളുമടക്കം നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് ഉച്ചക്ക് രണ്ട് മണിക്ക് അദ്ദേഹത്തിന്‍റെ സ്വദേശമായ ചേലക്കര കിള്ളിമംഗലത്തെ വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിച്ചു. ഭാര്യ: അനുപമ(കൊല്ലങ്കോട് പികെഡിയുപി സ്‌കൂൾ അധ്യാപിക.), മക്കൾ: അജയ് (കനറാ ബാങ്ക് - മണിപ്പാൽ), ഐശ്വര്യ.
also read: ബസ് സ്‌കൂട്ടറിൽ ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം