പാലക്കാട്: അട്ടപ്പാടിയിൽ കുളത്തിൽ വീണ ആനക്കുട്ടിയെ വനപാലകരും നാട്ടുകാരും ചേർന്ന് രക്ഷിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അട്ടപ്പാടി പട്ടണകല്ലിലെ നിറയെ വെള്ളം ഉള്ള കുളത്തിലാണ് ഒന്നര വയസുള്ള ആനക്കുട്ടി വീണത്. കര കയറുവാൻ പലതവണ ആനക്കുട്ടി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് ആനയെ കെട്ടി വലിച്ചു കരയിലേക്ക് കയറ്റാനുള്ള ശ്രമവും പരാജയപ്പെട്ടതിനെ തുടർന്നാണ് രക്ഷാ മാർഗത്തിനുള്ള വ്യത്യസ്‌ത ആശയം ഉപയോഗിച്ചത്.
ദാഹിച്ചുവലഞ്ഞ പഴയ കാക്കയുടെ കഥ ഓർമ്മിപ്പിക്കും വിധമുള്ള രക്ഷാ മാർഗമാണ് ഇവർ പിന്തുടർന്നത്. എല്ലാവരും ചേർന്ന് കുളത്തിലേക്ക് കല്ലുകളിട്ട് കുളത്തിന്‍റെ ആഴം കുറയ്ക്കാൻ ശ്രമമാരംഭിച്ചു. ദീർഘ നേരത്തെ പരിശ്രമത്തിനൊടുവിൽ കുളത്തിന് ആഴം കുറഞ്ഞു. അങ്ങനെ ഒടുവിൽ കുളത്തിൽ കല്ല് നിറഞ്ഞതോടെ ആനക്കുട്ടി കരകയറി കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.