പാലക്കാട്: ട്രെയിനില്‍ പാര്‍സലായി എത്തിയ 25 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തിയ ഷാലിമാര്‍ എക്സ്പ്രസില്‍ നിന്നാണ് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്. 575 കിലോ ഉത്പന്നങ്ങളാണ് പാര്‍സലിലുണ്ടായിരുന്നത്.
ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്യൂറോയും എക്‌സൈസും ചേർന്ന് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്. ബുധനാഴ്‌ച ഷാലിമാര്‍ - തിരുവനന്തപുരം എക്സ്പ്രസിലെത്തിയ 12 ചാക്ക് പാര്‍സലെടുക്കാനായി ആരും എത്താതിനെ തുടര്‍ന്ന് സംഘം ചാക്ക് കെട്ടുകളില്‍ പരിശോധന നടത്തിയപ്പോഴാണ് ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്.
ആർപിഎഫ് സിഐ എൻ കേശവദാസ്, എസ്‌ഐ എ പി ദീപക്, അജിത് അശോക്, എഎസ്‌ഐ കെ സജു, ഹെഡ്‌കോൺസ്റ്റബിൾ എൻ അശോക്, കോൺസ്റ്റബിൾ എ സവിൻ, അബ്ദുൾ സത്താർ, ഒ കെ സജീഷ്, എക്‌സൈസ് സിഐ പി കെ സതീഷ്, എം കെ മണികണ്ഠൻ, സിഇഒമാരായ എ നൗഫൽ, എസ് രാജീവ്, എം സ്മിത, കെ രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
also read: അമ്പത് ലക്ഷം രൂപയുടെ ലഹരി വസ്‌തുക്കള്‍ പിടിച്ചെടുത്തു