പാലക്കാട്: പന്നിയങ്കരയിലെ ടോള്‍ പ്ലാസയില്‍ അമിതടോള്‍ ഈടാക്കുന്നുവെന്നാരോപിച്ചും ബസുകള്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും തൃശൂര്‍ പാലക്കാട് റൂട്ടിലോടുന്ന സ്വകാര്യ ബസുകള്‍ ചൊവ്വാഴ്‌ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങി. തൃശൂര്‍, പാലക്കാട്, ഗോവിന്ദാപുരം, കൊഴിഞ്ഞാമ്പാറ, മീനാക്ഷീപുരം, -മംഗലംഡാം തുടങ്ങിയ റൂട്ടുകളിൽ സർവീസ് നടത്തുന്ന നൂറ്റമ്പതോളം സ്വകാര്യ ബസുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ടോൾ നൽകാതെ ബാരിയറും ബാരിക്കേഡും തട്ടിമാറ്റി സർവീസ് നടത്തിയ 29 ബസിനെതിരെ കരാർ കമ്പനിയുടെ പരാതി പ്രകാരം കേസെടുത്തിരുന്നു.
ഇത് പിൻവലിക്കണമെന്നും ഉടമകളുടെ സംയുക്ത സമരസമിതി യോഗം ആവശ്യപ്പെട്ടു. ഇതേ സമയം ടിപ്പർ, -ടോറസ് ലോറി ഉടമകളുടെ സമരവും തുടങ്ങി. തിങ്കളാഴ്‌ച രാവിലെ ടോൾ നൽകാതെ സർവീസ് നടത്താൻ ശ്രമിച്ച ബസുകളെ കരാർ കമ്പനിയും പൊലിസും ചേർന്ന് തടഞ്ഞിരുന്നു.
ടോൾ പ്ലാസ കടക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബസുകൾ നിർത്തിയിട്ട് പ്രതിഷേധിച്ചു. ബസുകളുടെ മിന്നൽ പണിമുടക്കിനെത്തുടർന്ന് രോഗികളും വിദ്യാർഥികളും ഉൾപ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാർ പെരുവഴിയിലായി. പന്നിയങ്കര ടോൾ പ്ലാസയിൽ സ്വകാര്യ ബസുകളിൽ നിന്ന് ടോൾ പിരിവ് തുടങ്ങിയതിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ ചെറിയതോതിൽ പ്രതിഷേധം ഉണ്ടായിരുന്നു.
മറ്റുള്ള ടോൾ പ്ലാസയെക്കാൾ പതിനൊന്ന് ഇരട്ടി ടോളാണ് സ്വകാര്യ ബസുകളിൽനിന്ന് പന്നിയങ്കരയിൽ ഇടാക്കുന്നത്. സമാന്തര വഴികളിലൂടെ കുറച്ചുദിവസം സർവീസ് നടത്തിയെങ്കിലും പ്രദേശവാസികളുടെ പ്രതിഷേധത്തെത്തുടർന്ന് നിർത്തിവച്ചു. പ്രശ്നത്തിന് പരിഹാരം കാണുന്നതുവരെ സർവീസ് നിർത്തിവയ്ക്കാനാണ് തീരുമാനം.
ഇതിനിടെ ഉടമകളുടെ സംയുക്ത സമരസമിതി നേതൃത്വത്തിൽ ടോൾ പ്ലാസയ്‌ക്കുസമീപം ആരംഭിച്ച അനിശ്ചിതകാല റിലേ നിരാഹാര സമരം തുടരുന്നു. തിങ്കളാഴ്ചമുതൽ ടിപ്പർ -ടോറസ് ലോറി ഉടമകളും അനിശ്ചിതകാല സമരം ആരംഭിച്ചു.
also read: പന്നിയങ്കര ടോള്‍ നിരക്ക് വര്‍ധന; സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കുന്നു