പാലക്കാട്: പ്ലാച്ചിമട സമര നേതാവ് കന്നിയമ്മാള്‍ (95) അന്തരിച്ചു. വര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ് മരണം. പ്ലാച്ചിമട കൊക്കകോളക്കെതിരായ ജനകീയ സമരത്തില്‍ മയിലമ്മയ്‌ക്കൊപ്പം ഏറ്റവും കൂടുതല്‍ ദിവസം സമരപ്പന്തലില്‍ സത്യഗ്രഹം അനുഷ്ഠിച്ച സമരപ്രവര്‍ത്തകയാണ് കന്നിയമ്മാള്‍. കോളക്കമ്പനി പിടിച്ചെടുക്കല്‍ സമരത്തിന്‍റെ ഭാഗമായി ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്.
പ്ലാച്ചിമട നഷ്‌ടപരിഹാര ട്രൈബ്യൂണല്‍ ബില്ലിന് അനുമതി തേടി ഡല്‍ഹിയില്‍ നടത്തിയ പാര്‍ലമെന്‍റ് മാര്‍ച്ചിലും കന്നിയമ്മാള്‍ പങ്കെടുത്തിരുന്നു. ദുര്‍ബല ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച കന്നിയമ്മാളിന് രാഷ്ട്രീയ സ്വാഭിമാന്‍ ആന്തോളന്‍ ഏര്‍പ്പെടുത്തിയ 2017ലെ സ്വാഭിമാന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
ആഗോളവൽക്കരണത്തിന്‍റെ 25ാം വാർഷികത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന ദേശിയ കൺവൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് കന്നിയമ്മാൾ സ്വാഭിമാൻ പുരസ്‌കാരം ഏറ്റുവാങ്ങിയത്. സംസ്ഥാനതലത്തിൽ പ്ലാച്ചിമട സമരസമിതി നടത്തിയ ജലാധികാര യാത്ര ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങളിലും സജീവസാന്നിധ്യമായിരുന്നു.