പാലക്കാട്: കൊവിഡിനെ പ്രതിരോധിക്കുന്നതിൽ സർക്കാരിന് ജനപിന്തുണയുണ്ടെന്നും പ്രതിപക്ഷം മിണ്ടാതിരിക്കണമെന്നും മന്ത്രി എകെ ബാലൻ. മൂന്ന് മാസം പ്രതിപക്ഷം ശബ്‌ദിക്കാതിരുന്നാൽ ഇന്നത്തേതിൽ നിന്നും നല്ല രൂപത്തിൽ കേരളത്തെ കൊണ്ടു പോകാൻ കഴിയുമെന്ന് മന്ത്രി എകെ ബാലൻ പറഞ്ഞു.
പ്രതിപക്ഷം സർക്കാരിനെതിരെ കള്ളപ്രചരണം നടത്തി നിരുൽസാഹപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് 19 ഭാഗമായുള്ള വിശകലന യോഗത്തിനു ശേഷം പാലക്കാട് കലക്ട്രേറ്റിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. വൈറസ് വ്യാപനത്തിൻ്റെ കാര്യത്തിൽ ആധികാരികമായിട്ടുള്ള സ്ഥാപനങ്ങളും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിഷ്‌പക്ഷമായിട്ടുള്ള വ്യക്തികളുമടക്കം ഈ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷമാണ് അതിനെ എതിർത്ത് നിൽക്കുന്നതെന്നും മന്ത്രി പറഞ്ഞു.