പാലക്കാട്: വേനൽക്കാലത്ത് നെൽപാടങ്ങളിൽ കൃഷി ചെയ്യാൻ അനുയോജ്യമായ രണ്ട് പയർ വിത്തിനങ്ങൾ വികസിപ്പിച്ച് പുറത്തിറക്കിയിരിക്കുകയാണ് പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രം. ഉല്പാദനശേഷി കൂടുതലായ കെ.ബി.സി 4, പി.ജി.സി.പി 23 എന്നിവയാണ് ഇവിടെ നിന്നും വികസിപ്പിച്ചെടുത്തത്. ഒന്നാം വിളക്ക് ശേഷം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ കൃഷി ചെയ്യാവുന്ന ഇനമാണ് കെ.ബി.സി 4. ഈ വിത്തിനം ഒന്നും രണ്ടും വിളക്ക് ശേഷം വെള്ളം ലഭിക്കാത്ത പാടശേഖരങ്ങൾക്ക് അനുയോജ്യമാണ്. കണകമണി ഹെക്ടറിന് 976 കിലോഗ്രാം വിളവ് കിട്ടുമെങ്കിൽ കെ.ബി.സി 4 ന്‍റെ വിളവ് 1207 കിലോഗ്രാമാണ്. രണ്ടാം വിളക്ക് ശേഷം ഇറക്കാൻ പാകത്തിലുള്ളതാണ് പി.ജി.സി.പി 23 എന്ന പയർ വിത്തിനം. രണ്ടാം വിള കൊയ്തു കഴിഞ്ഞ പാടശേഖരങ്ങളിലെ ഈർപ്പം കൊണ്ട് തന്നെ ഇവ കൃഷി ചെയ്യാം. ജലക്ഷാമമുള്ള മേഖലയിലും ഈ വിത്തിനം അനുയോജ്യമായിരിക്കും. കാർഷിക ഗവേഷണ കേന്ദ്രം അസ്സോസിയേറ്റ് പ്രൊഫസർ ഡോ.എസ്.എം പുരുഷോത്തമന്‍റെ നേതൃത്വത്തിലായിരുന്നു ഗവേഷണം.
നെല്ലിൽ ഇട്ട ഫോസ്‌ഫറസ് നെല്ല് വലിച്ചെടുക്കാതെ മണ്ണിൽ തന്നെ കിടക്കുന്നുണ്ടാവും. ഈ ഫോസ്‌ഫറസ് വലിച്ചെടുത്ത് പയർ മണിയിലൂടെ തിരിച്ച് ലഭിക്കുന്ന പ്രതിഭാസം ഇതിലുണ്ട്. മണ്ണിന്‍റെ ഘടന തിരിച്ചെടുക്കാൻ ഈ പയർ കൃഷിയിലൂടെ കഴിയും. ഇതിന്‍റെ തണ്ടും ഇലയുമൊക്കെ നല്ല ജൈവ വളമായും ഉപയോഗിക്കാം. രണ്ട് പ്രളയത്തെ തുടർന്ന് മാറ്റം വന്ന മണ്ണിന്‍റെ ഘടന തിരിച്ച് പിടിയ്ക്കാനും പയർ കൃഷിയിലൂടെ കഴിയും. ഗവേഷണ റിപ്പോർട്ട് സമർപ്പിച്ച് കാർഷിക ഗവേഷണ കേന്ദ്രത്തിന്‍റെ അംഗീകാരം ലഭിച്ചാലുടൻ വിത്തിനങ്ങൾ കർഷകരിലേക്കെതിക്കാനാണ് ലക്ഷ്യമിടുന്നത്.