പാലക്കാട്: പട്ടാമ്പിയിൽ പൊലീസ് ഉദ്യോഗസ്ഥന് മർദനം. സ്ത്രീകളോട് മോശമായി പെരുമാറാൻ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവറെ പിടികൂടുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ചത്. സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ കൊടുമുണ്ട സ്വദേശി ജിതേഷ് പിടിയിൽ.
പട്ടാമ്പിയിൽ പൊലീസ് ഉദ്യോഗസ്ഥന് മർദ്ദനം പട്ടാമ്പി എസ് ബി ഐ ജംഗ്‌ഷനിൽ റോഡരികിലൂടെ നടന്നു പോയ സ്ത്രീകൾക്ക് നേരെ ജിതേഷ് മോശമായി പെരുമാറി. ഭയന്നോടിയ സ്ത്രീകൾ അവിടെ ട്രാഫിക് ഡ്യുട്ടിയിൽ ഉണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ ഉണ്ണികണ്ണനോട് പരാതി ബോധിപ്പിച്ചു. തുടർന്ന് ഇയാളെ പിടികൂടി പട്ടാമ്പി പൊലീസ് സ്റ്റേഷനിലേക്ക് പോകും വഴി ജി എം എൽ പി സ്‌കൂളിന് മുന്നിൽ വെച്ചാണ് അക്രമം നടന്നത്. മദ്യലഹരിയിലായിരുന്ന ജിതേഷ് സി.പി.ഒ ഉണ്ണിക്കണ്ണനെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്‌തു. സംഭവം കണ്ട നാട്ടുകാരും വാഹന യാത്രക്കാരും ഓടിയെത്തിയാണ് ജിതേഷിനെ പിടിച്ചു മാറ്റിയത്. അതുവഴി വന്ന വാഹന യാത്രക്കാർ അക്രമം മൊബൈലിൽ പകർത്തിയതോടെ സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി.സ്റ്റേഷനിൽ എത്തിച്ച ജിതേഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ മർദിക്കൽ, കൃത്യ നിർവഹണം തടസപ്പെടുത്താൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. മർദനത്തിൽ പരിക്കേറ്റ സി.പി.ഒ ഉണ്ണിക്കണ്ണൻ ആശുപത്രിയിൽ ചികിത്സതേടി.