പാലക്കാട്: മോട്ടോർ വാഹന വകുപ്പിന്‍റെ ശ്രമഫലമായി പട്ടാമ്പിയിൽ വിപുലമായ ഓഡിറ്റോറിയം സജ്ജമായി. പട്ടാമ്പി ജോയിന്‍റ് ആർടിഒ ഓഫീസിന്‍റെ നേതൃത്വത്തിലാണ് 150 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും കൗൺസിലിംഗ് മുറിയും ഒരുക്കിയത്. ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് നടപ്പാക്കുന്ന ആദ്യ സംരംഭമാണിത്.
മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന് മുകളിലാണ് ഓഡിറ്റോറിയം നിർമിച്ചിരിക്കുന്നത്. ലൈസൻസിനായി എത്തുന്നവർക്ക് പരിമിതമായ സൗകര്യത്തിലായിരുന്നു സുരക്ഷാ ബോധവത്കരണ ക്ലാസുകൾ നൽകിയിരുന്നത്. സ്ഥല പരിമിതി പരിഹരിക്കാനാണ് ഓഡിറ്റോറിയവും കൗൺസിലിംഗ് മുറിയും ഒരുക്കിയത്.
മുഹമ്മദ് മുഹസ്സിൻ ഓഡിറ്റോറിയത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. ഇനി മുതൽ പട്ടാമ്പിയിലെ ആർടി ഓഫീസ് സംബന്ധമായ പൊതുയോഗങ്ങൾ ഇവിടെ നടത്താൻ കഴിയും. ലൈസൻസിന് വരുന്ന ഡ്രൈവർമാർക്ക് റോഡ് സുരക്ഷാ ക്ലാസുകൾ നടത്താനായാണ് കൗൺസിലിംഗ് മുറി ഉപയോഗിക്കുന്നത്. ഇതോടൊപ്പം തന്നെ മിനി സിവിൽ സ്റ്റേഷനിലെ മറ്റ് ഓഫീസുകൾക്കും പരിപാടികൾ നടത്തുന്നതിനായി ഈ ഹാൾ ഉപയോഗിക്കാനാകും.