പാലക്കാട്: വാണിജ്യാടിസ്ഥാനത്തിൽ കേരളത്തിൽ പാഷൻ ഫ്രൂട്ട് കൃഷി ആരംഭിച്ചിട്ട് അധിക കാലമായിട്ടില്ല. ഇതിന് തുടക്കം കുറിച്ചത് നെല്ലിയാമ്പതിയിലെ സർക്കാർ വക ഓറഞ്ച് ഫാമിൽ നിന്നാണ്. എട്ട് വർഷം മുമ്പാണ് ആദ്യമായി നെല്ലിയാമ്പതിയിലെ ഫാമിൽ വാണിജ്യാടിസ്ഥാനത്തിൽ പാഷൻ ഫ്രൂട്ട് കൃഷി ആരംഭിച്ചത്. നിരവധി രോഗങ്ങൾക്ക് പ്രതിരോധം തീർക്കാൻ പാഷൻ ഫ്രൂട്ടിന് കഴിയുമെന്ന് കണ്ടെത്തിയതോടെ വിപണി മൂല്യം വർധിക്കുകയും പാഷന്‍ ഫ്രൂട്ട് കൃഷി നിരവധി ആളുകൾ ഏറ്റെടുക്കുകയും ചെയ്തു.
40 ഏക്കർ സ്ഥലത്താണ് ഫാമില്‍ പാഷൻ ഫ്രൂട്ട് കൃഷി ചെയ്ത് വരുന്നത്. ഗുണമേന്മയുള്ള പാഷൻ ഫ്രൂട്ട് തൈകളും ഇവിടുത്തെ നഴ്സറിയിൽ ലഭിക്കും. വിളവെടുപ്പ് കാലമാണ് ഇപ്പോൾ. ഉല്‍പ്പാദിപ്പിക്കുന്ന പാഷൻ ഫ്രൂട്ട് ഫാമില്‍ തന്നെ സംസ്കരിച്ച് സ്ക്വാഷ്, ജാം, ജെല്ലി മുതലായ മൂല്യവർധിത ഉൽപ്പന്നങ്ങളുണ്ടാക്കി ഫാമിന്‍റെ തന്നെ വിപണന കേന്ദ്രത്തിൽ കൂടിയാണ് വില്‍പ്പന നടത്തുന്നത്.