പാലക്കാട്: കുത്തന്നൂരിൽ കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ച സംഭവത്തിൽ അയൽവാസികളായ മൂന്ന് പേർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് അറസ്റ്റ് ചെയ്‌തു. സമീപവാസികളായ ഭാസ്‌കരൻ, പ്രകാശൻ, സൂരജ് എന്നിവരാണ് അറസ്റ്റിലായത്.
കൃഷിയിടത്തിൽ വന്യമൃഗ ശല്യം തടയാൻ ഇവർ ഒരുക്കിയ ഇലക്ട്രിക് കെണിയൽ നിന്ന് ഷോക്കേറ്റാണ് പ്രവീൺ മരിച്ചത്. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ശനിയാഴ്‌ചയാണ് കുത്തന്നൂർ പുനക്കുളം സ്വദേശിയായ പ്രവീൺ വീടിനടുത്തുളള കനാലിനരികെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ വീട്ടുകാർ നേരത്തെ തന്നെ ദുരൂഹത ആരോപിച്ചിരുന്നു.
കൃഷിയിടത്തിലെ വന്യ മൃഗശല്യം തടയാൻ മൂവരും ചേർന്ന് ഒരുക്കിയ വൈദ്യുതി കെണിയിൽ പ്രവീൺ കുരുങ്ങുകയും ശബ്ദം കേട്ട് ഇവർ സ്ഥലത്തെത്തിയപ്പോഴേക്കും ജീവൻ നഷ്‌ടമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കേസിൽ നിന്ന് രക്ഷപ്പെടാൻ ബോധപൂർവം മൃതദേഹം കനാലിനരികിൽ മൂവരും ചേർന്ന് ഉപേക്ഷിക്കുകയായിരുന്നു.
മരണകാരണം വൈദ്യുതാഘാതം ആണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും വ്യക്തമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് മൂവരിലേക്കും എത്തിയത്. വൈദ്യുതി മോഷ്ടിച്ചാണ് ഇവർ കെണിയൊരുക്കിയതെന്നും പൊലീസ് പറഞ്ഞു.