പാലക്കാട്: വടക്കഞ്ചേരി കണ്ണമ്പ്ര വേലക്കിടെ ഉണ്ടായ വെടിക്കെട്ടപകടത്തില്‍ 13 പേർക്ക് പരിക്ക്. വേല ആഘോഷങ്ങളുടെ ഭാഗമായുള്ള വെടിക്കെട്ട് നടക്കുന്നതിനിടെ ബുധനാഴ്‌ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. അവസാനത്തെ കൂട്ട് പൊട്ടുന്നതിനിടയില്‍ കല്ലും, മണ്ണും, മുളങ്കുറ്റിയും, കമ്പികളും തെറിച്ച് ആള്‍ക്കൂട്ടത്തിനിടയിലേക്ക് വീഴുകയായിരുന്നു.
അപകടത്തിൽ കണ്ണമ്പ്ര ഹസീന (26), വെമ്പല്ലൂർ മുഹമ്മദാലി ജിന്ന (50), കണ്ണമ്പ്ര ഫർഷാന (19), പുതുനഗരം മുഹമ്മദ് ഷിഹാബ് (20), പൊള്ളാച്ചി രാജേഷ് (32), കാവശ്ശേരി അരുൺ (23), മണപ്പാടം ജനാർദ്ദനൻ (40), കോട്ടായി സജിത്ത് (23), കോട്ടായി ധനേഷ് (23), ആർ മംഗലം വിഷ്‌ണു (19), പുതുനഗരം റഹ്മാൻ (25), അർജുന്‍ എന്നിവർക്കാണ് പരിക്കേറ്റത്. മറ്റു ചിലര്‍ക്കും നിസാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വടക്കഞ്ചേരി, തൃശൂർ, ആലത്തൂർ, നെന്മാറ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.