പാലക്കാട്: പുതുപ്പരിയാരം പ്രതീക്ഷ നഗറില്‍ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പിടിയിലായ മകൻ സനലിന്‍റെ മൊഴി കേട്ട് തരിച്ചിരിക്കുകയാണ് പൊലീസ്. കൊലപാതകത്തിനുള്ള കാരണങ്ങൾ പലതാണ് പറയുന്നതെങ്കിലും കൊലനടത്തിയ രീതിയും തുടർന്നുള്ള യാത്രയും സനൽ പൊലീസിനോട് വിവരിച്ചു.
പൊലീസ് പറയുന്നത് ഇങ്ങനെ:
ഞായർ രാത്രി 8.15ന് ശേഷമാണ് കൊലപാതകങ്ങൾ നടന്നത്. കിടക്കുകയായിരുന്ന അച്ഛൻ ചന്ദ്രൻ ഒരു ഗ്ലാസ് വെള്ളം ചോദിച്ചു. വെള്ളം എടുത്തുകൊണ്ടു വരാൻ അമ്മ ദൈവാന മകനോട് പറഞ്ഞു. ഇതിൽ ക്ഷുഭിതനായ സനൽ ‘നിങ്ങൾക്ക് വെള്ളമൊന്നും തരാൻ പാടില്ലെന്ന്’ പറഞ്ഞ് അക്രമാസക്തനായി. ഓടിച്ചെന്ന് കൈയിൽ കിട്ടിയ രണ്ട് വെട്ടുകത്തികൾ എടുത്തു. വീടിന്‍റെ ഹാളിൽ നിൽക്കുകയായിരുന്ന അമ്മയെ സനൽ രണ്ട് വെട്ടുകത്തികൊണ്ടും വെട്ടി. ഭാര്യയുടെ കരച്ചിൽ കേട്ട ചന്ദ്രൻ എന്താണ് അവിടെയെന്ന് ചോദിച്ചതും ഓടിച്ചെന്ന് അച്ഛനെയും വെട്ടി.
READ MORE: പാലക്കാട് ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി
ശരീരങ്ങൾ വികൃതമാകും വരെ വെട്ടിയിട്ടും കലി തീരാത്ത സനൽ മരണം ഉറപ്പാക്കാൻ കൈയിലുണ്ടായിരുന്ന സിറിഞ്ചിൽ കീടനാശിനി നിറച്ച് അമ്മയുടെ തുടയിൽ കുത്തിവച്ചു. പിന്നീട് കീടനാശിനി അച്ഛന്‍റെയും അമ്മയുടെയും മുഖത്ത് ഒഴിച്ചു. കൊലപാതക ശേഷം വീട്ടിൽനിന്ന് കുളിച്ച് അവിടെയുണ്ടായിരുന്ന ആപ്പിളും കഴിച്ചാണ് പുറത്തിറങ്ങിയത്.
ഓട്ടോറിക്ഷ തിരഞ്ഞെങ്കിലും കിട്ടിയില്ല. ഇതോടെ പുതുപ്പരിയാരം പ്രതീക്ഷ നഗറിൽ നിന്ന് പാലക്കാട് ജങ്ഷന്‍ റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു. അവിടെ ചെന്നപ്പോൾ ബംഗളൂരുവിലേക്ക് ട്രെയിനുണ്ടെന്ന് മനസിലായി. അങ്ങനെയാണ് ബംഗളൂരു എത്തിയത്. അവിടെയിറങ്ങിയ ശേഷം ഓൺലൈനിൽ നിന്ന് ഒരു മതസ്ഥാപനത്തിന്‍റെ നമ്പറെടുത്ത് വിളിച്ചു. രണ്ടുപേരെ കൊന്നുവെന്നും അതിന് പ്രതിവിധി വല്ലതുമുണ്ടോ എന്നും ചോദിച്ചു. മതസ്ഥാപനം ഫോൺ കട്ട് ചെയ്തതോടെ മൈസൂരുവിലേക്ക് തിരിച്ചു. പൊലീസ് മതസ്ഥാപനത്തില്‍ പരിശോധന നടത്തി.
READ MORE: Puthupariyaram Murder Case | പുതുപ്പരിയാരം ഇരട്ട കൊലപാതകം : മകനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
മതസ്ഥാപനത്തിന്‍റെ നമ്പറിൽ നിന്ന് വിളിച്ചെങ്കിലും പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് ഇയാൾ സംസാരിച്ചത്.
മാസങ്ങളായി ലഹരി ഉപയോഗിക്കാറുണ്ടെന്നും രണ്ട് മാസം മുമ്പ് കൊക്കെയ്ൻ ഉപയോഗിച്ചെന്നും സനൽ സമ്മതിച്ചിട്ടുണ്ട്. ലഹരിയ്ക്ക് അടിമയായ സനൽ പൊലീസിനോടും പരസ്പര ബന്ധമില്ലാതെയാണ് സംസാരിക്കുന്നത്. ഇയാളെ കുറിച്ച് കൂടുതൽ മനസിലാക്കാനായി സഹോദരങ്ങളെയും അടുത്ത ബന്ധുക്കളെയും പൊലീസ് സമീപിക്കും.