പാലക്കാട് : ട്രാൻസ്‌ജെൻഡർ അനുരാഗികളുടെ വിവാഹത്തിന് അനുമതി നിഷേധിച്ച് ക്ഷേത്രം ഭാരവാഹികള്‍. ദീര്‍ഘനാളുകളായി പ്രണയത്തിലായിരുന്ന നിലന്‍ കൃഷ്‌ണ-അദ്വിക എന്നിവരുടെ വിവാഹം കൊല്ലങ്കോട് തിരി കാച്ചാംകുറിശ്ശി ക്ഷേത്രത്തില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വിവാഹിതരാകുന്നവര്‍ ട്രാൻസ്‌ജെൻഡർ വിഭാഗത്തില്‍പ്പെട്ടവരാണെന്നറിഞ്ഞതോടെ ക്ഷേത്രം അധികൃതര്‍ വിവാഹത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ചടങ്ങ് അടുത്തുള്ള ഹാളിലേക്ക് മാറ്റാന്‍ ഇവര്‍ നിര്‍ബന്ധിതരായി.
എന്നാല്‍ മലബാര്‍ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രത്തിന്‍റെ അധികൃതര്‍ ഈ വാദം നിഷേധിച്ചു. വിഷയം ക്ഷേത്രം ബോര്‍ഡ് അധികൃതരുമായി സംസാരിക്കാന്‍ ആവശ്യപ്പെടുക മാത്രമാണുണ്ടായതെന്നാണ് ഇവരുടെ വിശദീകരണം. ഇവരുമായി ബന്ധപ്പെട്ട മറ്റാരോ ശ്രീകോവിലില്‍ വന്ന് കല്യാണക്കാര്യം ധരിപ്പിച്ചു. എന്നാല്‍ വിവാഹിതരാകുന്നവര്‍ ട്രാൻസ്‌ജെൻഡർ വിഭാഗത്തില്‍പെട്ടവരാണെന്ന് തങ്ങള്‍ക്ക് മനസ്സിലായില്ല. എന്നാല്‍ ഇവരെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഭാരവാഹികളുമായി സംസാരിക്കാന്‍ ആവശ്യപ്പെടുകയാണുണ്ടായതെന്ന് ക്ഷേത്രം ജീവനക്കാരന്‍ പറഞ്ഞു. എന്നാല്‍ ക്ഷേത്ര ഭാരവാഹികളോട് സംസാരിക്കാന്‍ അവര്‍ വന്നില്ല എന്നും അദ്ദേഹം അറിയിച്ചു.
'നാട്ടുനടപ്പ്' വിലങ്ങായി: ക്ഷേത്രത്തിൽ ഇതുവരെ ഇത്തരം വിവാഹങ്ങൾ നടന്നിട്ടില്ല. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും അനുമതിയില്ലാതെ നടക്കുന്ന പ്രണയവിവാഹങ്ങളും ക്ഷേത്രത്തില്‍ സാധാരണഗതിയില്‍ നടത്താറില്ല. കാരണം ഇത്തരം വിവാഹങ്ങള്‍ ഭാവിയില്‍ പൊലീസ് കേസുകള്‍ക്കും നിയമപ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വിവാഹത്തിന് അനുമതി നിഷേധിച്ചത് ദൗര്‍ഭാഗ്യകരമെന്നറിയിച്ച് ട്രാൻസ്‌ജെൻഡർ ആക്‌ടിവിസ്‌റ്റ് ഇഷ കിഷോര്‍ രംഗത്തെത്തി.
എല്ലാം 'ദൈവത്തിന്' മുന്നില്‍: ഓരോ ക്ഷേത്രത്തിനും അതിന്‍റേതായ നിയമങ്ങളും ആചാരങ്ങളുമുണ്ട്. അതിനോട് പൂര്‍ണമായും യോജിക്കുന്നു. പക്ഷെ ഇവിടെ ലിംഗഭേദത്തിന്‍റെ പേരിലാണ് അനുമതി നിഷേധിച്ചിരിക്കുന്നത് എന്ന് ഇഷ കിഷോര്‍ കുറ്റപ്പെടുത്തി. ലിംഗഭേദം ചൂണ്ടിക്കാട്ടി ദമ്പതികളെ ദൈവത്തിന് മുന്നില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ ക്ഷേത്ര ഭാരവാഹികള്‍ക്ക് എങ്ങനെ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം നവദമ്പതികള്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ മടിച്ചു.