പാലക്കാട്: പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന കേളജ് വിദ്യാര്‍ഥിനി മരിച്ചു. പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്‌മി (19) ആണ് മരിച്ചത്. മെയ് 30-നാണ് അയല്‍വാസിയുടെ വീട്ടിലെ വളര്‍ത്തുനായ ശ്രീലക്ഷ്‌മിയെ കടിച്ചത്.
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള നാല് വാക്‌സിനുകളും ശ്രീലക്ഷ്‌മി സ്വീകരിച്ചിരുന്നെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം നായയുടെ കടിയേറ്റ ശ്രീലക്ഷ്‌മിയില്‍ രണ്ട് ദിവസം മുന്‍പാണ് പേ വിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങിയത്.
ഇതേ തുടര്‍ന്ന് ശ്രീലക്ഷ്‌മിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിക്കുകയും പരിശോധനകളില്‍ പേവിഷബാധയേറ്റതായി സ്ഥിരീകരിക്കുകയും ചെയ്‌തു. തുടര്‍ന്ന് ഇന്ന് (30-06-2022) പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വിദ്യാര്‍ഥിനി മരണപ്പെട്ടത്.
ശ്രീലക്ഷ്‌മിയെ ആക്രമിക്കാന്‍ ശ്രമിച്ച നായയെ തടയുന്നതിനിടെ ഉടമയ്‌ക്കും കടിയേറ്റിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ഇതുവരെ ആരോഗ്യപ്രശ്‌നങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. പ്രതിരേധ വാക്‌സിനുകള്‍ സ്വീകരിച്ചാലും ചിലരില്‍ അപൂര്‍വമായി പേ വിഷബാധയുണ്ടാകാം എന്നാണ് സംഭവത്തില്‍ ആരോഗ്യവിദഗ്‌ദര്‍ നല്‍കുന്ന വിശദീകരണം.
സംഭവത്തില്‍ വിശദമായ അന്വേഷണം ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പേ വിഷബാധയേറ്റ് ഈ വര്‍ഷം മരിക്കുന്ന പതിമൂന്നാമത്തെ ആളാണ് ശ്രീലക്ഷ്‌മി. ഈ മാസം മാത്രം മൂന്ന് മരണങ്ങളാണ് പേ വിഷ ബാധയെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.