പാലക്കാട്: ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി. കേസിലെ 40ാം പ്രതിയായ പിഎഫ്‌ഐ പാലക്കാട് ജില്ല സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖ്, എസ്‌ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം അമീര്‍ അലി എന്നിവരുടെ ജാമ്യാപേക്ഷയാണ് പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയത്.
ഗൂഢാലോചന, കൊലനടത്താന്‍ പ്രേരിപ്പിക്കല്‍, പ്രതികളെ ഒളിപ്പിക്കുവാന്‍ സഹായിക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങളാണ് ഇരുവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അബൂബക്കര്‍ സിദ്ദീഖില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍, ലാപ്പ്‌ടോപ്പ് എന്നിവയില്‍ നിന്ന് കൊലക്കേസ് സംബന്ധിച്ച് നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
കേസിലെ 15ാം പ്രതിയായ എസ്.റിഷിലിന്‍റെ കൈയ്യക്ഷരവും 16-ാം പ്രതിയായ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ബി.ജിഷാദിന്‍റെ ശബ്‌ദ രേഖയും പരിശോധിക്കാന്‍ അന്വേഷണ സംഘത്തിന് ജഡ്‌ജി എല്‍.ജയ്‌വന്ത് അനുമതി നല്‍കി. കേസ് 2023 ജനുവരി നാലിന് വീണ്ടും പരിഗണിക്കും. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആര്‍.ആനന്ദ് ഹാജരായി.