പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്‍റെ കൊലപാതകത്തിൽ ഒരാൾകൂടി അറസ്റ്റിൽ. വാടാനാംകുറുശി കൊണ്ടൂർക്കര കുറ്റിക്കാട് ഷാജിദാണ് (25) പിടിയിലായത്. വ്യാഴം രാത്രിയോടെയാണ് (ഏപ്രിൽ 5) പ്രതിയെ പൊലീസ് പിടികൂടിയത്.
ഷാജിദിനെ കോടതിയിൽ ഹാജരാക്കി. കൊലപാതകത്തിനുശേഷം പ്രതികളുപയോഗിച്ച ഇരുചക്രവാഹനങ്ങൾ പൊളിച്ചുവാങ്ങിയ ആക്രിക്കടയുടമയാണ് ഇയാൾ. സംഘത്തിലെ നാലുപേരും ഗൂഢാലോചനയിലും സഹായം നൽകിയവരുമായ 16 പേരുമാണ് ഇതുവരെ പിടിയിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരെ പിടികൂടാനുണ്ട്.
കഴിഞ്ഞ ദിവസം മുഖ്യപ്രതികള്‍ ഉപയോഗിച്ച ബൈക്കിന്‍റെ ഭാഗങ്ങള്‍ പൊലീസ് കണ്ടെടുത്തിരുന്നു. കൊല നടത്തിയ ശേഷം പട്ടാമ്പിയിലെ വര്‍ക്ഷോപ്പില്‍ എത്തിച്ചാണ് ഇവ പൊളിച്ചുമാറ്റിയതെന്നും പൊലീസ് കണ്ടെത്തി.
ഏപ്രിൽ 16നാണ് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസൻ കൊല്ലപ്പെടുന്നത്. പാലക്കാട് മേലാമുറിയിൽ വച്ച് ഉച്ചയ്ക്ക് ഒരുമണിയോടെയിരുന്നു സംഭവം. പാലക്കാട്ടെ എസ് കെ മോട്ടേഴ്‌സ് എന്ന സ്ഥാപനം നടത്തുന്ന ശ്രീനിവാസനെ കടയിലിരിക്കവെ രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു.