പാലക്കാട്: മഹാത്മാഗാന്ധി മൂന്നുതവണ സന്ദർശിച്ച പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിന്‍റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നവോഥാന കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിനും പുനരുദ്ധാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനുമായി സർക്കാർ അനുവദിച്ച തുക ഉപയോഗിച്ചാണ് നവീകരണം നടത്തുന്നത്. നാൽപ്പത് കുട്ടികൾക്ക് താമസിച്ച് പഠിക്കാൻ സൗകര്യമുള്ള ഹോസ്റ്റൽ കെട്ടിടം, ഓഫീസ് മുറി എന്നിവയുടെ പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ തുടക്കമായിരിക്കുന്നത്. ഇത് കൂടാതെ ലൈബ്രറിയുടെ നിർമാണ പ്രവർത്തനവും ഉടൻ ആരംഭിക്കും. അഞ്ചുകോടി 65 ലക്ഷം രൂപയാണ് സർക്കാർ നിർമാണ പ്രവർത്തനങ്ങൾക്കായി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത്.
ഹാബിറ്റാറ്റ് ഗ്രൂപ്പിനാണ് നിർമാണ പ്രവർത്തനങ്ങളുടെ ചുമതല. ഒരു വർഷത്തിനുള്ളിൽ ഹോസ്റ്റൽ കെട്ടിടവും ഓഫീസ് മുറിയും നിർമാണം പൂർത്തീകരിച്ച് പ്രവർത്തന സജ്ജമാകും.
മഹാത്മാഗാന്ധിയുടെ ചിന്തകളിലും പ്രവർത്തനങ്ങളിലും പ്രചോദിതനായ ടി.ആർ കൃഷ്ണസ്വാമി അയ്യർ 1923ൽ സ്ഥാപിച്ചതാണ് ശബരി ആശ്രമം. പാലക്കാട്ടെ സാമൂഹിക പരിഷ്‌കർത്താക്കളിൽ ഒരാളായിരുന്നു അദ്ദേഹം. പിന്നീട് ക്വിറ്റ് ഇന്ത്യാ സമരം, ഉപ്പു സത്യാഗ്രഹം തുടങ്ങി നിരവധി സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ഭാഗമാകാൻ ശബരി ആശ്രമത്തിന് സാധിച്ചിട്ടുണ്ട്.