പാലക്കാട്: മുട്ടിക്കുളങ്ങരയിൽ കെ.എ.പി രണ്ട് ബറ്റാലിയൻ ക്യാമ്പിന് സമീപം പൊലീസുകാർ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മുട്ടിക്കുളങ്ങര വാർക്കാട് തോട്ടക്കര വീട്ടിൽ എം സുരേഷാണ് (49) അറസ്റ്റിലായത്. ഹവീൽദാർമാരായ എലവഞ്ചേരി അശോകൻ (35), തരൂർ അത്തിപ്പൊറ്റ മോഹൻദാസ് (36) എന്നിവരാണ് മരിച്ചത്.
പന്നിയെ പിടിക്കാന്‍ സുരേഷ് ഒരുക്കിയ വൈദ്യുതി കെണിയില്‍ നിന്നുള്ള ഷോക്കേറ്റതാണ് മരണം സംഭവിച്ചത്. ഇതാണ് ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം പുറത്തറിയുന്നത്. ക്യാമ്പിന്‍റെ ചുറ്റുമതിലിന് പുറത്ത് ഏകദേശം 200 മീറ്റർ അകലെയാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്.
രണ്ട് മൃതദേഹങ്ങളും തമ്മിൽ ഏകദേശം 60 മീറ്ററോളം ദൂരത്തിലാണ് കിടന്നിരുന്നത്. ഇരുവരുടെയും ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്. ഇരുവരെയും ബുധന്‍ രാത്രി ഒമ്പതര മുതൽ കാണാനില്ലായിരുന്നു. തുടർന്ന് വ്യാഴാഴ്‌ച രാവിലെ പൊലീസും ക്യാമ്പ് സേനാംഗങ്ങളും പരിസര പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് ക്വാട്ടേഴ്‌സിന് പുറകുവശത്തെ പാടത്ത് കണ്ടെത്തിയത്.
മീൻ പിടിക്കുന്നത് പതിവ്: രണ്ട് മൃതദേഹങ്ങളും വരമ്പിനോട് ചേർന്ന് ഒറ്റനോട്ടത്തിൽ കാണാത്ത വിധത്തിലായിരുന്നു. ക്യാമ്പിന്‍റെ മതിലിന് പുറത്തുനിന്ന് ഇതിൽ ഒരാളുടെ മൊബൈൽ ഫോൺ കണ്ടെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ് മോർട്ടത്തിനായി മാറ്റി.
മരണകാരണം സംബന്ധിച്ചും ഇവർ എങ്ങനെ ക്യാമ്പിന് പുറത്തെത്തി എന്നത് സംബന്ധിച്ചും പൊലീസ് വിശദാന്വേഷണം ആരംഭിച്ചു. ഡ്യൂട്ടിക്ക് ശേഷം രാത്രി മീൻ പിടിക്കാനോ മറ്റോ പുറത്ത് പോയതായാണ് സംശയിക്കുന്നത്. സമീപത്തുള്ള പാടത്ത് ഇത്തരത്തിൽ മീൻ പിടിക്കുന്നത് പതിവാണ്.
അതേസമയം, മൃതദേഹത്തിന് ചുറ്റുവട്ടത്ത് നിന്ന് വൈദ്യുതി ഷോക്കിന് സംശയിക്കത്തക്ക തെളിവുകൾ ഒന്നും പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല. മറ്റെവിടെയെങ്കിലും വച്ച് ഷോക്കേറ്റ് വീണ ഇവരെ ഇവിടെ കൊണ്ടുവന്നിട്ടതാണോയെന്നും സംശയിക്കുന്നുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചു.
ജില്ല പൊലീസ് മേധാവി ആർ വിശ്വനാഥ്, കെ.എ.പി രണ്ട് ബറ്റാലിയൻ കമാന്‍ഡന്‍റ് അജിത്ത് കുമാർ എന്നിവർ സംഭവസ്ഥലം പരിശോധിച്ചു. ഫോറസിക് വിദഗ്‌ധരും തെളിവെടുത്തു. പൊലീസ് നായയെയും സ്ഥലത്തെത്തിച്ച് പരിശോധന നടത്തി. മോഹൻ ദാസ് 2012 ലും അശോകൻ 2015 ബാച്ചിലുമാണ് ജോലിക്ക് പ്രവേശിച്ചത്.