പാലക്കാട്: അയൽവാസിയുമായുണ്ടായ തർക്കത്തെ തുടർന്ന് ഗൃഹനാഥൻ അടിയേറ്റ് മരിച്ചു. തരൂർ തോണിപ്പാടം അമ്പാട്ടുപറമ്പ് ബാപ്പൂട്ടിയാണ് (63) മരിച്ചത്. അയൽവാസികളായ അബ്‌ദുള്‍ റഹ്‌മാൻ, മകൻ ഷാജഹാൻ (27), പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരെ ആലത്തൂർ പൊലീസ് പിടികൂടി. വെള്ളിയാഴ്ച രാവിലെ അഞ്ച് മണിയ്‌ക്ക് ശേഷമാണ് സംഭവം.
അബ്‌ദുള്‍ റഹ്‌മാന്‍റെ വീട്ടിലെ പശുവിനെ കുളിപ്പിക്കുന്ന വെള്ളം ബാപ്പൂട്ടിയുടെ വീടിനു മുന്നിലൂടെ ഒഴുകുന്നതിനെച്ചൊല്ലി നവംബർ 16ന് ഇവർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. അന്ന് ബാപ്പൂട്ടിയുടെ കയ്യിലെ എല്ല് പൊട്ടുകയുണ്ടായി. ഈ കേസിൽ ജയിലിലായ അബ്‌ദുള്‍ റഹ്‌മാന് ഡിസംബർ 22നാണ് ജാമ്യം ലഭിച്ചത്.
ALSO READ: ഇടുക്കി എഞ്ചിനിയറിങ് കോളജിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു
വെള്ളിയാഴ്‌ച ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായി. അബ്‌ദുൾ റഹ്‌മാൻ ബാപ്പൂട്ടിയെ കമ്പിവടി കൊണ്ട് തലയ്ക്കും വാരിയെല്ലിനും അടിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി 11.30 ന് ബാപ്പൂട്ടി മരിച്ചു.
ഭാര്യ ബീക്കുട്ടിക്കും മകൾ ഷമീനയ്‌ക്കും പരിക്കുണ്ട്. സലീനയാണ് മറ്റൊരു മകൾ.