പാലക്കാട്: മൺസൂൺ എത്തിയതോടെ അതീവ സുന്ദരിയായിരിക്കുകയാണ് തെക്കേ മലമ്പുഴ. വേനലില്‍ കരിഞ്ഞുണങ്ങിയ മലനിരകളിലും പുല്‍മേടുകളിലും മൺസൂൺ മഴയില്‍ പുതുനാമ്പുകൾ കിളിർത്തതോടെ പച്ചക്കമ്പളം പുതച്ചെ പോലെയാണ് തെക്കേ മലമ്പുഴ. മലനിരകളെ തഴുകി പോകുന്ന കോടമഞ്ഞും വെള്ളച്ചാടവും മേഘങ്ങൾക്കിടയിലൂടെ എത്തി നോക്കുന്ന സൂര്യന്‍റെ ഇളം വെയിലുമൊക്കെ മനസിന് കുളിർമ നല്‍കുന്ന അനുഭൂതിയാണ്. സാധാരണ ഈ സമയത്ത് ഇവിടെ സഞ്ചാരികളുടെ തിരക്കാണ്. എന്നാല്‍ കൊവിഡ് കാരണം തെക്കേ മലമ്പുഴ വിജനമാണ്. ഡാമില്‍ മീൻ പിടിക്കാൻ എത്തുന്ന മത്സ്യത്തൊഴിലാളികൾ മാത്രമാണ് ഇപ്പോൾ ഇവിടെ എത്തുന്നത്.
കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെല്ലാം ഉടൻ അവസാനിക്കില്ല. മറ്റെല്ലാ മേഖലകളും പോലെ വിനോദ സഞ്ചാര മേഖലയിലും മഹാമാരി ഏൽപ്പിച്ച ആഘാതം ചെറുതല്ല. എങ്കിലും നമുക്ക് പ്രത്യാശിക്കാം, ഈ കാലവും കടന്നു പോകും. മനസിന് കുളിരേകുന്ന കാഴ്ചകൾ ആസ്വദിക്കാൻ എല്ലാവർക്കും വീണ്ടും തിരിച്ചു വരാനാകുമെന്ന പ്രതീക്ഷയിലാണ് ഏവരും.