പാലക്കാട് : സി.പി.എം ഭരിക്കുന്ന പഞ്ചായത്തിലെ കാഞ്ഞിരപ്പുഴ ഉദ്യാന നവീകരണത്തിനെതിരെ സി.പി.ഐ. കെ. ശാന്തകുമാരി എംഎൽഎയുടെ നേതൃത്വത്തിൽ നവീകരിച്ച പാർക്കിനെതിരെയാണ് സി.പി.ഐ സമരവുമായി രംഗത്തുവന്നത്. കാഞ്ഞിരപ്പുഴ ഉദ്യാന നവീകരണത്തില്‍ അഴിമതി ആരോപിച്ച് ജലവിഭവ വകുപ്പ് കാര്യാലയത്തിലേക്ക് സി.പി.ഐ കാഞ്ഞിരപ്പുഴ ലോക്കൽ കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചു.
ഉദ്യാനത്തില്‍ കുട്ടികള്‍ക്ക് കളിക്കാനുള്ള ഉപകരണങ്ങള്‍ വാങ്ങിയതിൽ വൻ അഴിമതി നടന്നെന്നും ഉപകരണങ്ങളില്‍ പലതും ഗുണനിലവാരം ഇല്ലാത്തതാണെന്നുമാണ് സി.പി.ഐയുടെ ആരോപണം. ഉദ്യാനത്തിന് അകത്തും പുറത്തും എല്ലാം പദ്ധതികളും ടെൻഡർ ചെയ്‌ണ് നടപ്പാക്കുന്നത്. എന്നാൽ ഉദ്യാനത്തിൽ സെൽഫി സ്പോട്ട് നടപ്പാക്കി സ്വർണ വ്യാപാരം നടത്തുന്ന ഒരു സ്വകാര്യ വ്യക്തിക്ക് പ്രത്യേക പരിഗണന നൽകിയത് എന്തുകൊണ്ടാണെന്നും, അഴിമതിക്കും ധൂർത്തിനും കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥ നടപടി പ്രതിഷേധാർഹമാണെന്നും മാർച്ച് ഉദ്ഘാടനം ചെയ്‌തു സംസാരിച്ച കിസാൻ സഭ ജില്ലാ സെക്രട്ടറി മണികണ്‌ഠൻ പൊറ്റശ്ശേരി പറഞ്ഞു.
സി.പി.ഐ കോങ്ങാട് മണ്ഡലം സെക്രട്ടറി പി. ചിന്നക്കുട്ടൻ അധ്യക്ഷനായി. കെ. രാമൻകുട്ടി, ചാണ്ടി തുണ്ടുമണ്ണിൽ, ജോർജ് തച്ചമ്പാറ, കെ. രാധാകൃഷ്‌ണൻ, മണി അടിയത്ത്, പി എസ് ജോർജ്ജ്, മുഹമ്മദ് സ്വാദിഖ്, സി.പി കുഞ്ഞാണി, കെ. ചന്ദ്രൻ, ബഷീർ തുടങ്ങിയവർ പങ്കെടുത്തു.