പാലക്കാട്: കേരളത്തിലെ ആദ്യ ഉരുക്കുപാലത്തിന്‍റെ നിര്‍മാണോദ്ഘാനം ഞായറാഴ്ച (03/04/2022) ഉച്ചക്ക് 12 മണിക്ക് മലമ്പുഴയില്‍ നടക്കും. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും. മലമ്പുഴ റിങ് റോഡിനെ ബന്ധിപ്പിക്കുന്ന തെക്കെ മലമ്പുഴ ഉരുക്ക് പാലമാണ് നിര്‍മിക്കുന്നത്.
തെക്കേമലമ്പുഴ വെള്ളഴുത്താം പൊറ്റയിൽ 200 മീറ്റർ നിളത്തിലാണ് ഉരുക്കുപാലം ഉയരുന്നത്. ഉരുക്ക് പാലത്തിനൊപ്പം 900 മീറ്റര്‍ അപ്രോച്ച് റോഡിന്‍റെ നിര്‍മാണത്തിനായി 37.76 കോടി രൂപയും പ്രളയത്തില്‍ ഒഴുകി പോയ മായപാറ തോടിന് കുറുകെയുള്ള പാലത്തിന്‍റെ പുനര്‍നിര്‍മാണത്തിന് ഒന്നര കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
കൂടാതെ ചെറുപുഴക്ക് കുറുകെയും പാലം നിര്‍മിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്. എലിവാൽ വരെയുള്ള സമാന്തരപാതക്ക് 555 മീറ്ററും, തെക്കെ മലമ്പുഴക്ക് 327 മീറ്ററും നീളമുണ്ട്. രണ്ട് വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കാനാവുമെന്ന് നിര്‍മാണ കമ്പനിയായ ജാസ്മിന്‍ അറിയിച്ചു. 1996ലായിരുന്നു മലമ്പുഴ റിംഗ് റോഡിന്‍റെ നിര്‍മാണോദ്ഘാടനം. മലമ്പുഴ അണക്കെട്ട് നിറഞ്ഞാല്‍ ഏഴ് മാസത്തോളം തോണിയും ബോട്ടുമായിരുന്നു ജനങ്ങള്‍ക്കുള്ള സഞ്ചാര മാര്‍ഗം.