പാലക്കാട്: തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും മുൻപ് നൽകിയ വാഗ്‌ദാനം നടപ്പിലാക്കിയ ഒരാളുണ്ട് പാലക്കാട് തൃത്താലയിൽ. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ട ഹുസൈൻ തട്ടതാഴത്താണ് തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിലൊന്നായ കളിസ്ഥലം യാഥാർഥ്യമാക്കി നൽകിയത്. കണ്ണനൂരിൽ കാടുപിടിച്ചു കിടന്നിരുന്ന സ്വന്തം സ്ഥലം ജെ.സി.ബി ഉപയോഗിച്ച് നിരപ്പാക്കിയാണ് കളിസ്ഥലം യാഥാർഥ്യമാക്കിയത്.
എല്ലാവരെയും പോലെ വികസന വാഗ്‌ദാനം മുന്നോട്ടുവെച്ചായിരുന്നു സ്വതന്ത്ര സ്ഥാനാർഥി ഹുസൈൻ തട്ടതാഴത്ത് മത്സരിച്ചത്. എന്നാൽ ജനവിധി പരാജയമായിരുന്നു. പക്ഷേ തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും തൻ്റെ വാഗ്‌ദാനം ഹുസൈൻ നടപ്പാക്കി.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചപ്പോഴാണ് തൻ്റെ നാട്ടിലെ കുട്ടികൾക്ക് കളിസ്ഥലം ഇല്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ മുന്നോട്ട് വെച്ച വാഗ്‌ദാനവും ഇതുതന്നെ. വിജയിച്ചാലും പരാജയപ്പെട്ടാലും നാട്ടിലെ കുട്ടികൾക്ക് കളിസ്ഥലം യാഥാർഥ്യമാക്കും എന്ന വാക്കാണ് ഇപ്പോൾ നടപ്പിലാക്കിയത്. നാട്ടിലെ യുവാക്കൾക്ക് കായികപരിശീലനത്തിനായി മൈതാനമോ മറ്റു സൗകര്യങ്ങളോ ഇല്ല. ഇത്തരം സൗകര്യങ്ങൾ യാഥാർഥ്യമാക്കുന്നവർക്കേ വോട്ടു നൽകൂവെന്ന് തെരഞ്ഞെടുപ്പ് കാലത്ത് ഒരു വിഭാഗം യുവാക്കൾ പറഞ്ഞിരുന്നു. ഇതാടെയാണ് വിഷയം ഏറ്റെടുക്കാൻ ഹുസൈൻ തീരുമാനിച്ചത്.