പാലക്കാട്: ആനശല്യത്തിന് തടയിടാന്‍ വാളയാര്‍ റേഞ്ചിന് കീഴില്‍ വൈദ്യുതി തൂക്കുവേലി നിർമാണം ആരംഭിച്ചു. ഏഴര കിലോമീറ്റർ തൂക്കു വേലിയാണ് നിർമിക്കുന്നത്. ഇതില്‍ മൂന്നര കിലോമീറ്റര്‍ ആദ്യ ഘട്ടമായി നിര്‍മിക്കുമെന്ന് റേഞ്ച് ഓഫീസര്‍ ആഷിക് അലി പറഞ്ഞു.
വാളയാർ, കഞ്ചിക്കോട്, മലമ്പുഴ എന്നിവിടങ്ങളിലാണ് കാട്ടാനശല്യം കൂടുതലായുള്ളത്. ഈ ഭാഗങ്ങളിലുണ്ടായിരുന്ന സോളാർ ഫെൻസിങ്ങും ആനകള്‍ തകര്‍ത്തതോടെയാണ് തൂക്കുവേലി സ്ഥാപിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്. പ്രദേശത്ത് ആനയിറങ്ങുന്നത് പതിവായതോടെ തടയാനുള്ള നടപടി വേഗത്തിലാക്കാനാണ് വനംവകുപ്പിന്‍റെ തീരുമാനം.
രാത്രിയിൽ വയലുകളിൽ ഫ്ലിക്കറിങ് ലൈറ്റും ശബ്‌ദസംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ മറികടക്കാൻ ആനകൾ ശീലിച്ചു. ട്രെയിന്‍ തട്ടി ആനകള്‍ ചാകുന്നത് ആവര്‍ത്തിക്കാതിരിക്കാന്‍ റെയില്‍വെയും വനം വകുപ്പും യോജിച്ച് നടപടിയെടുക്കുന്നതില്‍ വീഴ്‌ച സംഭവിച്ചെന്ന സിഎജി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വാളയാറില്‍ ഒന്നരകിലേമീറ്റര്‍ തൂക്കുവേലി നിര്‍മിക്കുമെന്ന് റെയിൽവെ അറിയിച്ചു. കഴിഞ്ഞ ദിവസം കഞ്ചിക്കോട് വെള്ളറോഡ് മേഖലയില്‍ രാത്രിയിലിറങ്ങിയ ആനകള്‍ ബാലകൃഷ്‌ണന്‍റെ കൃഷിയിടത്തിലെ നൂറോളം വാഴകളും ഇരുപതോളം തെങ്ങുമാണ് കുത്തിമറിച്ചിട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ ആറങ്ങോട്ടുകുളമ്പിലും ആനകൾ ഇറങ്ങിയിരുന്നു.
തിരുവിഴാംകുന്ന് വനമേഖലയില്‍ കാട്ടാന പ്രസവിച്ചു: തിരുവിഴാംകുന്നിലിറങ്ങിയ കാട്ടാന വനമേഖലയോട് ചേര്‍ന്ന കച്ചേരിപ്പറമ്പില്‍ കവുങ്ങിന്‍ തോപ്പില്‍ പ്രസവിച്ചു. രണ്ട് ദിവസമായി ഈ ഭാഗത്ത് കാട്ടാന നിലയുറപ്പിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. ഞായറാഴ്‌ച രാവിലെയാണ് കാട്ടാന പ്രസവിച്ചതെന്നാണ് കരുതുന്നത്.
ആനയ്‌ക്കും കുഞ്ഞിനും ചുറ്റുമായി ആറ് ആനകൾ നിലയുറപ്പിച്ചിരുന്നു. ചൊവ്വാഴ്‌ച പുലർച്ചയോടെ ആനകൾ കുട്ടിക്കൊപ്പം കാടുകയറി.