പാലക്കാട്: പി കെ ശശിക്ക് പാലക്കാട് ജില്ല സെക്രട്ടേറിയറ്റില്‍ രൂക്ഷ വിമർശനം. ശശിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പരിശോധിക്കണം എന്ന് ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു. സഹകരണ സ്ഥാപനങ്ങളിൽ നടത്തിയ സ്വജനപക്ഷപാത നിയമനങ്ങളും സാമ്പത്തിക ക്രമക്കേടുകളും പരിശോധിക്കണം എന്നായിരുന്നു ജില്ല നേതൃത്വത്തിന് കിട്ടിയ പരാതി. അടുത്ത ദിവസം ജില്ല സെക്രട്ടറി കൂടി പങ്കെടുക്കുന്ന ലോക്കല്‍ കമ്മിറ്റി യോഗത്തിൽ മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി അംഗം കെ മൻസൂറിന്‍റെ പരാതി ചർച്ച ചെയ്യും.
അതിന് ശേഷം ചേരുന്ന ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ ലോക്കൽ കമ്മിറ്റിയിലെ ചർച്ചയുടെ ഉള്ളടക്കം അറിയിക്കും. രണ്ട് മാസം മുമ്പാണ് പി കെ ശശിക്കെതിരെ മൻസൂർ ജില്ല കമ്മിറ്റിക്ക് പരാതി നൽകിയത്. എന്നാല്‍ പരാതി ജില്ല നേതൃത്വം ചർച്ചയ്‌ക്ക് എടുത്തില്ല. ഇതോടെയാണ് എ കെ ബാലൻ കൂടി പങ്കെടുത്ത ജില്ല സെക്രട്ടേറിയറ്റ് യോഗം വിഷയം ചർച്ചയ്‌ക്ക് എടുത്തത്.
പി കെ ശശിക്കെതിരായ ആരോപണം പരിശോധിക്കണം എന്നാണ് ഭൂരിഭാഗം അംഗങ്ങളും യോഗത്തില്‍ ആവശ്യപ്പെട്ടത്. വിഷയം ഗൗരവമാണെന്ന് നിലപാട് എടുത്ത ജില്ല സെക്രട്ടേറിയറ്റ്, മണ്ണാർക്കാട് ലോക്കൽ കമ്മിറ്റിയിൽ പരാതി ചർച്ച ചെയ്യണം എന്ന് നിർദേശിച്ചു. അടുത്ത ദിവസം ജില്ല സെക്രട്ടറി കൂടി പങ്കെടുക്കുന്ന എൽസി യോഗത്തിന് ശേഷമാകും തുടർ നടപടികളിലെ തീരുമാനം.
പി കെ ശശി തലവനായുള്ള യൂണിവേഴ്‌സൽ കോളജിലേക്ക് വിവിധ സഹകരണ ബാങ്കുകളിൽ നിന്ന് പാർട്ടി അറിയാതെ ഓഹരി ശേഖരിച്ചു എന്നതായിരുന്നു ഒരു പരാതി. പി കെ ശശിയുടെ ഭീഷണി കാരണം പലരും പാർട്ടിയുമായി അകലുന്നു എന്നടക്കമുള്ള രൂക്ഷമായ വിമർശനങ്ങളും മൻസൂറിന്‍റെ പരാതിയില്‍ പറയുന്നുണ്ട്.