പാലക്കാട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പട്ടാമ്പിയിലെ ഓട്ടോറിക്ഷകളില്‍ അക്രിലിക് ഷീറ്റ് പാർട്ടീഷൻ സജ്ജമാക്കി. വാഹനങ്ങളില്‍ യാത്രക്കാരുടെ ഏരിയ പ്രത്യേകമായി അക്രിലിക് ഷീറ്റ് ഉപയോഗിച്ച് കാണാൻ കഴിയുന്ന രീതിയില്‍ വേർതിരിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. ഇതോടെ യാത്രക്കാർക്കും ഡ്രൈവർക്കും സുരക്ഷിതമായി യാത്ര ചെയ്യാം. പട്ടാമ്പി ജോയിന്‍റ് ആർടിഒ സി.യു മുജീബിന്‍റെ നിർദേശപ്രകാരമാണ് ഓട്ടോറിക്ഷകളിൽ സുരക്ഷാ സംവിധാനം ഒരുക്കിയത്. പട്ടാമ്പിയിലെ 70% ഓട്ടോറിക്ഷകളില്‍ ഇത്തരത്തിൽ മറകൾ സ്ഥാപിച്ചു. ടാക്‌സികളില്‍ പാർട്ടീഷൻ സജ്ജമാക്കിയതിന് പിന്നാലെയാണ് ഓട്ടോറിക്ഷകളിലും ഇത്തരത്തില്‍ സംവിധാനം ഒരുക്കിയത്.
ഓട്ടോറിക്ഷകൾ മുഹമ്മദ് മുഹ്‌സിൻ എംഎൽഎ നിരത്തിലിറക്കി ഉദ്ഘാടനം നിർവഹിച്ചു. കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾക്ക് സ്വാബ് ടെസ്റ്റിന് ആശുപത്രിയിൽ വരുന്നതിനായി ഇത്തരം വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയുമെന്ന് ചടങ്ങിൽ പങ്കെടുത്ത പട്ടാമ്പി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അബ്‌ദു റഹ്മാൻ പറഞ്ഞു. യാത്രക്കാർക്കും ഡ്രൈവർക്കും ഉപയോഗിക്കാൻ സാനിറ്റൈസർ, ടിഷ്യു പേപ്പർ എന്നിവയും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വാഹനങ്ങളിലും ഇത്തരത്തിൽ മറ സ്ഥാപിക്കാനാണ് തീരുമാനം.