പാലക്കാട് : ജില്ലയിലുള്‍പ്പടെയുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമല്‍ സ്വകാര്യമേഖലയ്‌ക്ക് കൈമാറുമ്പോൾ 25,000കോടി രൂപ വിലയുള്ള ഭൂമി സൗജന്യമായി നൽകും. മാർക്കറ്റിൽ ബെമൽ ഓഹരികളുടെ വില കണക്കാക്കി 1,800 കോടി രൂപ നിശ്ചയിച്ച് വിൽക്കുമ്പോഴാണ് ഈ ഭൂമി കൈമാറ്റം. മേഘ ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡ് എന്ന റിയൽ എസ്‌റ്റേറ്റ് കമ്പനിയും റഷ്യൻ കമ്പനിയുമാണ് ടെൻഡറിൽ അവസാനമായി ഇടംപിടിച്ചത്.
ബെംഗളൂരുവിൽ ചതുരശ്ര അടിയ്‌ക്ക് വില 25,000
ബെംഗളൂരു നഗരത്തിൽ 110, മൈസൂരുവിൽ 200, കോലാറിൽ 24,00, കഞ്ചിക്കോട് 145 എന്നിങ്ങനെ ബെമലിന് ഏക്കറുകണക്കിന് ഭൂമിയുണ്ട്. ബെംഗളൂരുവിൽ ഒരു ചതുരശ്ര അടി സ്ഥലത്തിന് 25,000 രൂപയാണ് വിപണിവില. മൈസൂരുവിൽ 10,000 രൂപയും വരും. ഇതിനുപുറമെ ഡൽഹി, മുംബൈ, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലും ഭൂമിയുണ്ട്.
ഭൂമി ഉൾപ്പടെ 56,000 കോടി രൂപ ആസ്‌തിയുള്ള സ്ഥാപനമാണ് മാർക്കറ്റിലെ ഓഹരിവില കണക്കാക്കി തുച്ഛമായി 1,800 കോടിക്ക് വിൽക്കുന്നത്. കേന്ദ്രസർക്കാരിന് ബെമലിൽ 1.10 കോടി ഓഹരിയുണ്ട് (26 ശതമാനം). ഒരു ഓഹരിക്ക് 1,680 രൂപയാണ് വില. ഇത് പ്രകാരമാണ് വിൽപ്പന. പത്തുരൂപ വിലയുണ്ടായിരുന്ന ഓഹരിയാണ് 1,680 രൂപയിലെത്തിയത്.
ഇതിനുകാരണം ജീവനക്കാരുടെ കഠിനപ്രയത്‌നവും കാര്യശേഷിയുമാണ്. ഈ സ്ഥാപനത്തെയാണ് കോർപ്പറേറ്റിന് കൈമാറുന്നത്. ബെമൽ ഭൂമി സൗജന്യമായി സ്വകാര്യമേഖലയ്‌ക്ക് നൽകുമ്പോൾ സംസ്ഥാന സർക്കാരിന് കൈമാറാൻ 53 കോടി രൂപ വിലയിട്ട് ധാരണാപത്രം ഒപ്പിട്ട ഇൻസ്‌ട്രുമെന്‍റേഷൻ ലിമിറ്റഡിന്‍റെ മുഴുവൻ ഭൂമിക്കും വില വേണമെന്ന വിചിത്ര ആവശ്യമാണ് കേന്ദ്രസർക്കാർ മുന്നോട്ടുവച്ചിരിക്കുന്നത്.
സമരത്തിന് തൊഴിലാളി സംഘടകളുടെ പിന്തുണ
ഇൻസ്‌ട്രുമെന്‍റേഷന് 1964 ൽ 566 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ കഞ്ചിക്കോട് സൗജന്യമായി നൽകിയിരുന്നു. അതിൽനിന്ന് കോച്ച് ഫാക്‌ടറി, കേന്ദ്രീയ വിദ്യാലയം, ക്യാൻസർ ഡിറ്റക്‌ഷൻ സെന്‍റര്‍ എന്നിവയ്‌ക്ക് പിന്നീട് ഭൂമി അനുവദിച്ചു. ഇപ്പോൾ 122 ഏക്കറാണ് ഇൻസ്‌ട്രുമെന്‍റേഷനുള്ളത്. നേരത്തേ നിശ്ചയിച്ച തുകയ്ക്ക് പുറമെ 1964 ൽ കൈമാറിയ മുഴുവൻ ഭൂമിയുടെയും വിപണിവില വേണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്.
ALSO READ: മന്ത്രിസഭായോഗം ഇന്ന് ; ശിവശങ്കറിന്‍റെ നിയമനവും കൊവിഡ് മൂന്നാം തരംഗവും ചർച്ച
അതിനിടെ, ബെമൽ സ്വകാര്യവത്‌ക്കരിക്കരുതെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ കമ്പനിപ്പടിക്കൽ നടത്തുന്ന സമരം ഒരു വർഷത്തിലേക്ക് നീങ്ങുന്നു. 2021 ജനുവരി ആറിനാണ് ബെമൽ എംപ്ലോയീസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ സമരം തുടങ്ങിയത്. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിയ്‌ക്കുകയുണ്ടായി. 365-ാം ദിവസത്തെ സമരം വ്യാഴാഴ്‌ച വൈകിട്ട് നാലിന് സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്യും.